പാ...! കിഴക്കേ പാലാട്ട് ശങ്കരമേനോൻ എന്ന ഗംഭീരപൂരുഷനു മുന്നിൽ ആ 'പാ'യുടെ അർത്ഥം പിടികിട്ടാതെ അമ്പരന്നിരിക്കുകയാണ് ഇരുപത്തിയാറു തികയാത്ത അഭിമുഖകാരൻ പയ്യൻ. ഡു യു നോ ദ മീനിംഗ് ഒഫ് പാ...? ജനിച്ചതിനു ശേഷം ഇന്ത്യക്കാരെക്കാൾ കൂടുതൽ സായിപ്പന്മാരെ കണ്ടും കേട്ടും വളർന്ന കെ.പി.എസ് മേനോൻ ജൂനിയറിന്റെ ഫോറിൻ ആക്സന്റിൽ പയ്യൻ വിയർത്തു! ഒടുവിൽ 'പാ"യുടെ സ്പെല്ലിംഗ് ചോദിച്ചപ്പോൾ തലകുടഞ്ഞു ചിരിച്ചു, മേനോൻ; ആ വാക്ക് തിരിച്ചറിഞ്ഞപ്പോൾ പയ്യനും: പവർ! മലയാളത്തിൽ ചവർ എന്നു പറയുന്നത്ര വിസ്തരിച്ച് നമ്മൾ പറയുന്ന 'പവർ" ആണ് മേനോന്റെ 'പാ...!"
ഇരുപത്തിയൊന്നു വർഷം കഴിഞ്ഞു കേരളകൗമുദിയിലെ 'ധന്യമാം ജീവിതം' പംക്തിക്കായി കെ.പി.എസ്. മേനോനെ ഇന്റർവ്യൂ ചെയ്തിട്ട്. ആ ഒരൊറ്റത്തവണയേ നേരിൽ സംസാരിച്ചിട്ടുമുള്ളൂ. അതിനു ശേഷം ആയിരം വട്ടമെങ്കിലും കവടിയാറിൽ, രാജ്ഭവനു നേരെ എതിർവശത്തെ 'ജസിന്തി"നു മുന്നിലൂടെ ഡ്രൈവ് ചെയ്തു പോയിരിക്കും! ഓരോ തവണയും മതിലിലെ ആ വീട്ടുപേരു കാണുമ്പോൾ പഴയ 'പാ'യുടെ ഓർമ്മ നേർത്തൊരു ചിരിയായി മുഖത്തേക്കു പടരും.
വെള്ളയമ്പലം കവടിയാർ റോഡിൽ അത്രയും ചെടിപ്പടർപ്പുകളുള്ള മറ്റൊരു വീടുമില്ല, അന്ന്. വള്ളിച്ചെടികൾ ചുവരിലേക്ക് പടർന്നുകയറിയ 'ജസിന്തി"ന്റെ പൂമുഖത്ത്, ഉദ്യോഗകാലത്തെ ലോകസഞ്ചാരം കഴിഞ്ഞെത്തി വിശ്രമിക്കുകയായിരുന്നു ജൂനിയർ മേനോൻ. അഭിമുഖത്തിന് എത്താമെന്നു പറഞ്ഞിരുന്നതിലും നാലു മിനിട്ട് വൈകിയതിന്റെ ഈർഷ്യയുണ്ടായിരുന്നു നോക്കിലും വാക്കിലും. വെയിലിന്റെ വിരൽത്തുമ്പുകൾ തടഞ്ഞ്, പൂമുഖച്ചതുരത്തിന് അതിരിട്ടു നിന്ന ചൂരൽവിരിക്കിടയിലൂടെ ചൂടിനു കനംവച്ചപ്പോൾ മേനോൻ തന്നെ പറഞ്ഞു: അകത്തിരിക്കാം. ആതിഥ്യ മര്യാദയുടെ മറുനാടൻ ഏച്ചുകെട്ടലുകളില്ലാതെ ചെറിയ പിഞ്ഞാണക്കപ്പിൽ ചായ വന്നു. 'പാ "കേട്ട് പേടിച്ചു പോയ പയ്യനു മുന്നിൽ മേനോൻ ജീവിതം പറയുകയായിരുന്നു...
പാകിസ്ഥാനിൽ, പെഷവാറിലായിരുന്നു ജനനം. ഐ.സി.എസ്. ഉദ്യോഗസ്ഥനായ അച്ഛൻ കെ.പി.എസ് മേനോൻ ഇന്ത്യൻ ഗവൺമെന്റിന്റെ പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിൽ. അച്ഛന്റെ ജോലിസ്ഥലം മാറുന്നതിനൊത്ത് സ്കൂളുകൾ മാറാൻ വിഷമമായതുകൊണ്ട് പഠനം മിക്കവാറും വീട്ടിൽത്തന്നെ. പെഷവാറിൽ നിന്ന് സിലോണിലേക്ക് സ്ഥലംമാറ്റമായ അച്ഛനൊപ്പം അഞ്ചു വർഷം അവിടെ. ബാല്യത്തിന്റെ ഓർമ്മകൾ സിലോണിലായിരുന്നു. വീണ്ടും പെഷവാർ, ബലൂചിസ്ഥാൻ.... ഒടുവിൽ, അച്ഛൻ രാജസ്ഥാനിലെ യുവരാജാവിന്റെ ദിവാൻ ആയിരിക്കെയാണ് ജൂനിയർ കെ.പി.എസ്. മേനോന്റെ പഠനം വീടിനു പുറത്തേക്കു നീണ്ടത്. ഇരട്ട സഹോദരനൊപ്പം ഡൂൺ സ്കൂൾ ബോർഡിംഗിൽ. സമയനിഷ്ഠയും കൃത്യനിഷ്ഠയും മേനോൻ ജീവിതത്തിലേക്കു പകർത്തിയത് അവിടെ നിന്ന്. ഡൂൺ സ്കൂളിലെ ഇംഗ്ലീഷുകാരൻ ഹെഡ്മാസ്റ്റർ ആർതർ ഫുട് മേനോന്റെ ആദ്യ റോൾ മോഡലായി. മേനോന്റെ പ്രണയം ചരിത്രത്തിലേക്കു വഴിതിരഞ്ഞത് ഡൂൺ സ്കൂളിൽ വച്ച്. പ്രണയം വീട്ടിലറിഞ്ഞപ്പോൾ അച്ഛനു രസിച്ചില്ല. ചരിത്രം പഠിച്ചിട്ടെന്ത്, നല്ല ജോലി കിട്ടണമെങ്കിൽ ഇക്കണോമിക്സ് പഠിക്കണം! ജൂനിയർ മേനോൻ അങ്ങനെ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇക്കണോമിക്സ് ഓണേഴ്സിന്.
വിഭജനകാലത്ത്, അഭയാർത്ഥി പ്രവാഹമുണ്ടായപ്പോൾ ഡൽഹിയിലെ അഭയാർത്ഥി കേന്ദ്രങ്ങളുടെ കൂട്ടത്തിൽ സെന്റ് സ്റ്റീഫൻസ് കോളേജുമുണ്ടായിരുന്നു. കോളേജ് അടച്ചപ്പോൾ പഠനം വീണ്ടും വീട്ടിലേക്ക്. ഓണേഴ്സിനു ശേഷം മേനോൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരുക്കം തുടങ്ങിയപ്പോൾ ഇരട്ടസഹോദരൻ ഒറ്റപ്പാലത്തെ തറവാട്ടു വീട്ടിലേക്കു മടങ്ങി. 'നീ പഠിക്കുന്നുണ്ടല്ലോ, പാടത്തിറങ്ങാനും ആളു വേണ്ടേ' എന്നായിരുന്നു അന്ന് മേനോനോട് സഹോദരന്റെ ന്യായം!
മിനിട്ടുകളുടെ വ്യത്യാസത്തിൽ ജ്യേഷ്ഠപദവി നേടിയ ഇരട്ടസഹോദരനെക്കാൾ വേഗത്തിൽ നരച്ചത് കെ.പി.എസ് മേനോന്റെ മുടിയാണ്. ജപ്പാൻ, ചൈന, ഹംഗറി, ബംഗ്ലാദേശ്, ഈജിപ്ത് വഴി നീണ്ട നയതന്ത്ര ദൗത്യങ്ങളുടെ തലവേദനകളിൽ പെട്ടെന്ന് മുടി നരച്ചപ്പോൾ ജ്യേഷ്ഠൻ ഒറ്റപ്പാലത്തേക്കു വിളിച്ചു: 'പാടത്ത് ഞാറ് നടേണ്ട സമയാണ്. നീ വന്ന് ഇതൊക്കെ നോക്കി നടത്ത് !' അച്ഛന്റെ പാരമ്പര്യം സൂക്ഷിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ വിളികൾ കേട്ട മേനോൻ നാട്ടിൽ നിന്ന് ദൂരെയായിരിക്കുമ്പോഴും ഒറ്റപ്പാലത്തിന്റെ ഇടവരമ്പുകൾ മനസിൽ നിന്നു മായ്ച്ചു കളഞ്ഞില്ല.
മേനോൻ ഐ.എഫ്.എസിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ മസൂറിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രം തുടങ്ങിയിട്ടില്ല. ഡൽഹിയിൽ മെക്കാഫ് ഹൗസിലെ പ്രാഥമിക പരിശീലനം കഴിഞ്ഞാൽ വിദേശ സർവകലാശാലകളിലാണ് ഉപരി പഠനം. അങ്ങനെ ഓക്സ്ഫോർഡ് സർവകലാശാലയിൽ ഇന്റർനാഷണൽ ലാ പഠിക്കാൻ പോയ കെ.പി.എസ്.മേനോൻ അവിടെവച്ച് വീണ്ടും ചരിത്രത്തോട് പ്രണയബദ്ധനായി. ജൂനിയർ മേനോൻ ഐ.സി.എസിൽ പ്രവേശിക്കുമ്പോൾ അച്ഛൻ മേനോൻ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ അംബാസഡർ.
അച്ഛൻ നയന്ത്ര ഉദ്യോഗസ്ഥനായിരുന്ന പല രാജ്യങ്ങളിലും പിന്നീട് അതേ കസേരയിൽ അംബാസഡർ പദവിയിലിരുന്ന കഥ അന്ന് മേനോൻ പറഞ്ഞു: 'അച്ഛൻ ഇരുന്ന ഉദ്യോഗക്കസേരയിൽ വർഷങ്ങൾക്കു ശേഷം മകന് ഇരിക്കാനാവുക എന്നത് ഒരു അപൂർവ ഭാഗ്യമല്ലേ? അപ്പോഴൊക്കെ ഞാൻ പ്രാർത്ഥിച്ചു, അച്ഛൻ നടന്ന വഴിയാണ്. തെറ്റിപ്പോകരുത്... ' ആ പ്രാർത്ഥന മേനോൻ ഒരിക്കലും തെറ്റിച്ചുമില്ല.
ജസിന്ത് ഒരു രത്നമാണ്. വീട്ടുപേരിന്റെ രഹസ്യം ചോദിച്ചപ്പോൾ പറഞ്ഞുതന്ന കെ.പി.എസ് മേനോൻ ജൂനിയർ ഒന്നു ചിരിച്ചു. പിന്നെ പറഞ്ഞു, 'ജയ് സിന്ധ് "എന്നും വായിക്കാം!