ചെന്നൈ: തമിഴ്‌നാട് മുർപോക്ക് എഴുത്താളർ സംഘവും മദിരാശി കേരള സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ജനകീയ നാടകോത്സവത്തിന് ഒക്‌ടോബർ രണ്ടിന് കൊടിയേറും. . അഞ്ച് സംസ്‌ഥാനങ്ങളിൽ നിന്ന് 30ലേറെ നാടകങ്ങൾ അരങ്ങിലെത്തുമെന്ന് നാടകോത്സവ സമിതി പ്രസിഡന്റും ചലച്ചിത്ര താരവുമായ രോഹിണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മദിരാശി കേരള സമാജത്തിൽ ആറുവരെയാണ് നാടകോത്സവം.
പ്രവേശനം സൗജന്യം.
ഇന്ത്യയിൽ ഇത്തരത്തിലൊരു വലിയ നാടകോത്സവ സംരംഭം ആദ്യമായണ്. 32 നാടക സംഘങ്ങളിൽ നിന്നായി 500ലേറെ കലാകാരന്മാർ പങ്കെടുക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളുടെ പ്രാതിനിധ്യമുള്ള നാടകോത്സവത്തിൽ പ്രമുഖർ സംബന്ധിക്കുന്ന ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് രോഹിണി പറഞ്ഞു. രാജ്യത്ത് ഏകഭാഷാ വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ നടക്കുന്ന നാടകോത്സവം, സാംസ്‌കാരികമായ എതിർത്തു നിൽക്കൽ കൂടിയാകുമെന്ന് സംഗീതജ്ഞൻ ടി.എം. കൃഷ്‌ണ പറഞ്ഞു.
പത്രസമ്മേളനത്തിൽ നാടകോത്സവ സമിതി സെക്രട്ടറി സാഹിത്യകാരൻ പ്രളയൻ, കേരള സമാജം പ്രതിനിധികളായ കുമ്പളങ്ങാട് ഉണ്ണികൃഷ്‌ണൻ, കെ. ബാലകൃഷ്‌ണൻ എന്നിവരും സംബന്ധിച്ചു.
ഫോട്ടോ:
ദക്ഷിണേന്ത്യൻ ജനകീയ നാടകോത്സവത്തിന്റെ ലഘുലേഖാ പ്രകാശനം ചെന്നൈ പ്രസ് ക്ളബ്ബിൽ സംഗീതജ്ഞൻ ടി.എം. കൃഷ്‌ണ, ചലച്ചിത്രതാരം രോഹിണി, സാഹിത്യകാരൻ പ്രളയൻ, കേരള സമാജം പ്രതിനിധികളായ കുമ്പളങ്ങാട് ഉണ്ണികൃഷ്‌ണൻ, കെ. ബാലകൃഷ്‌ണൻ എന്നിവർ നിർവഹിക്കുന്നു.