news

1. പ്രളയക്കെടുതി നേരിടുന്ന ബീഹാറിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ഒരുങ്ങി കേരളം. ആവശ്യം എങ്കില്‍ സഹായം എത്തിക്കാന്‍ സന്നദ്ധം എന്ന് കേരളം ബീഹാര്‍ സര്‍ക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്താണ് ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ് ബീഹാര്‍ സെക്രട്ടറി ദീപക് കുമാറും ആയി ബന്ധപ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും യു.പിയിലെയും ബീഹാറിലെയും അധികൃതരും ആയി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ നോര്‍ക്ക വകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
2. ശക്തമായ മഴ കാരണം ബീഹാറിലെയും യു.പിയിലെയും പല ഭാഗങ്ങളും വെള്ളത്തിന് അടിയിലാണ്. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായി എഴുപത്തി മൂന്ന് പേരാണ് മഴക്കെടുതിയില്‍ മരണപ്പെട്ടത്. മലയാളികള്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ച വിവരം. പ്രളയത്തില്‍ ഒറ്റപ്പെട്ട് പോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ആണ് ഇപ്പോള്‍ ദുരന്ത നിവാരണ സേനയും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജ്, ലക്നൗ, അമേഠി എന്നിവിടങ്ങള്‍ പ്രളയക്കെടുതി രൂക്ഷമാണ്. നാളെ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

3. മരടിലെ ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ ഉള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടികളും ആയി സഹകരിക്കും എന്ന് ഫ്ളാറ്റ് ഉടമകള്‍. പ്രശ്നവും ആയി ബന്ധപ്പെട്ട് ഫ്ളാറ്റ് ഉടമകള്‍ നടത്തി വന്ന നിരാഹാര സമരം നിറുത്തിവച്ചു. തീരുമാനം, ജില്ലാ കളക്ടറും സബ് കളക്ടറും ആയി നടത്തിയ ചര്‍ച്ചയില്‍. മാറി താമസിക്കാന്‍ ഉള്ള വാടക ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കണം എന്ന് ആവശ്യം. കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ല എങ്കില്‍ വീണ്ടും സമരം തുടങ്ങും എന്നും ഫ്ളാറ്റ് ഉടമകളുടെ മുന്നറിയിപ്പ്. ഫ്ളാറ്റുകളിലേക്ക് ഉള്ള വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച ദിവസത്തിന് അകം ഒഴിഞ്ഞ് പോകും എന്നും ഫ്ളാറ്റ് ഉടമകള്‍.
4. നാലാം തീയതി വരെ വൈദ്യുതി, ജലവിതരണം ലഭ്യമാക്കും എന്ന് ചര്‍ച്ചയില്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര നഷ്ടപരിഹാരം ആയ 25 ലക്ഷം രൂപയും വാടക തുകയും എത്രയും പെട്ടെന്ന് നല്‍കാം എന്ന് ഉറപ്പ് ലഭിച്ചതായും ഫളാറ്റ് ഉടമകള്‍ അറിയിച്ചു. 90 ദിവസത്തിന് അകം ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കും എന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം.


5. അതിനിടെ, ഒഴിഞ്ഞു പോകുന്നവര്‍ക്ക് ആയി എറണാകുളം നഗരത്തില്‍ അഞ്ഞൂറോളം ഫ്ളാറ്റുകള്‍ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടെ ഈ താല്‍കാലിക പുനരധിവാസം ആവശ്യം ഉള്ളവര്‍ക്ക് ഇന്ന് കൂടി അപേക്ഷിക്കാം. കൂടാതെ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം കൈമാറാന്‍ ഉള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും.
6. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി ആയി തന്റെ പേര് ഒഴിവാക്കിയതിന്റെ കാരണം എന്താണ് എന്ന് അറിയില്ല എന്ന് കുമ്മനം രാജശേഖരന്‍. മണ്ഡലം കമ്മിറ്റിയും, ജില്ലാ കമ്മിറ്റിയും തന്റെ പേരും അയച്ചിരുന്നു. പല മാനദണ്ഡങ്ങളും മാനിച്ച് ആയിരിക്കും കേന്ദ്ര തീരുമാനം. സംഘടന എടുക്കുന്ന ഏത് തീരുമാനവും സന്തോഷത്തോടെ സ്വീകരിക്കും. എസ്.സുരേഷ് യുക്തനായ സ്ഥാനാര്‍ത്ഥി ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂര്‍ക്കാവില്‍ നിന്ന് ഒഴിവാക്കിയത് എന്നും കുമ്മനം വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാര്‍ ആണെന്ന് കുമ്മനം പറഞ്ഞ് ഇരുന്നു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് പ്രഖ്യാപിച്ചത്.
7.അതേസമയം, ശബരിമല വിഷയം പ്രചാരണത്തില്‍ ഉണ്ടാകുമെന്ന് പി.എസ് ശ്രീധരന്‍ പിള്ള. ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ആണ് വിജയ സാധ്യത. ബി.ഡി.ജെ.എസ് പിന്തുണ ബി.ജെ.പിക്ക് ഉണ്ടാകും എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഉപ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ആവും വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. എറണാകുളത്ത് സി.ജി രാജഗോപാല്‍. കോന്നിയില്‍ കെ. സുരേന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അരൂരില്‍ കെ.പി പ്രകാശ് ബാബു സ്ഥാനാര്‍ത്ഥി. മഞ്ചേശ്വരത്ത് രവീശ തന്ത്രി മത്സരിക്കും. ഉപ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം നാളെ അവസാനിക്കും. കോന്നിയില്‍ സുരേന്ദ്രന്‍ വന്നാല്‍ വിജയസാധ്യത ഉണ്ട് എന്നാണ് ബി.ജെ.പി വിലയിരുത്തല്‍.
8. കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സധ്യത എന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകും. നാളെ ഇടുക്കി,മലപ്പുറം വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഒകേ്ടാബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ,കോഴിക്കോട്,വയനാട് കണ്ണൂര്‍ ജില്ലകളിലും ഒകേ്ടാബര്‍ രണ്ടിന് ഇടുക്കി എറണാകുളം,മലപ്പുറം,കേഴിക്കോട് ജില്ലകളിലും,ഒകേ്ടാബര്‍ മൂന്നിന് ഇടുക്കി തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലും ശക്തമായ ഇടിയും മിന്നലും മഴയും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ എല്ലാം യെല്ലോ അലര്‍ട്ട് ആണ്.
9. രാജ്യത്ത് ഉള്ളിവില നിയന്ത്രിക്കാന്‍ നടപടി. ഉള്ളിയുടെ കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം. നടപടി, സവാളയുടെ വില കയറ്റത്തിന്റെ പശ്ചാത്തലത്തില്‍. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് മറ്റൊരു ഉത്തരവ് വരുന്നത് വരെ ആണ് നിരോധനം. കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഇടെ ഉള്ളിവില എണ്‍പത് ശതമാനത്തോളം വര്‍ധിച്ചിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ഉള്ളി വില വര്‍ധിച്ചത്