കാബൂൾ: 2014ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ പേരിലാണ് സഫിയുല്ല സാഫി എന്ന കച്ചവടക്കാരന്റെ വലത് ചൂണ്ടുവിരൽ താലിബാൻ മുറിച്ചുകളഞ്ഞത്. എന്നാൽ, തന്റെ ജനാധിപത്യബോധ്യത്തിൽനിന്ന് സഫിയുല്ല പിന്തിരിഞ്ഞില്ല. അഞ്ചുവർഷത്തിനുശേഷം കഴിഞ്ഞദിവസം നടന്ന അഫ്ഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടുചെയ്യാനെത്തി. ഇത്തവണ മഷി പുരട്ടിയത് ഇടതുചൂണ്ടുവിരലിലാണെന്ന് മാത്രം.
വോട്ട് ചെയ്ത് മഷിപുരട്ടിയ വിരലും താലിബാൻ മുറിച്ചെടുത്ത വിരലും ഉയർത്തിക്കാട്ടുന്ന സഫിയുല്ല സാഫിയുടെ ഫോട്ടോ ട്വിറ്ററിൽ ഏറെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് ഇത്തവണയും താലിബാൻ ആഹ്വാനം ചെയ്തിരുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ പിറ്റേ ദിവസമാണ് താലിബാൻ സഫിയുല്ലയെ പിടികൂടി ചോദ്യംചെയ്ത് മഷിപുരട്ടിയ വിരൽ മുറിച്ചത്. മറ്റ് ചിലരുടെയും വിരൽ താലിബാൻ മുറിച്ചതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
''താലിബാൻ ഭീഷണി മുഴക്കിയതിനാൽ ഇത്തവണ വോട്ട് ചെയ്യാൻ പോവരുതെന്ന് തന്റെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരെയെല്ലാം താൻ കൂടെ കൊണ്ടുപോയി വോട്ട് രേഖപ്പെടുത്തി"- സഫിയുല്ല പറഞ്ഞു.
കനത്ത സുരക്ഷയിലാണ് അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. താലിബാന്റെയും മറ്റു സായുധ വിഭാഗങ്ങളുടെയും ആക്രമണം തടയാൻ 70,000 സുരക്ഷാ സൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളത്. പോളിംഗ് സ്റ്റേഷനുകളെ ലക്ഷ്യംവച്ച് താലിബാൻ ആക്രമണം നടത്തുമെന്നത് മുൻകൂട്ടികണ്ടാണ് സുരക്ഷ ശക്തമാക്കിയത്. വോട്ടിംഗ് കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാനുമായുള്ള സമാധാന ചർച്ചകൾ റദ്ദായതോടെ രണ്ടുതവണ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. അതേസമയം, തെക്കൻ നഗരമായ കാണ്ടഹറിൽ വോട്ടു ചെയ്യാൻ സ്ത്രീകളുടെ നീണ്ടനിരയുണ്ടായിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നാലും വോട്ടുചെയ്തിട്ടേ മടങ്ങൂവെന്നാണ് ജനങ്ങളുടെ പക്ഷം. നിലവിലെ പ്രസിഡന്റ് അഷ്റഫ് ഗനിയും ചീഫ് എക്സിക്യൂട്ടിവ് അബ്ദുല്ല അബ്ദുല്ലയുമാണ് പ്രധാന സ്ഥാനാർത്ഥികൾ.