കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന പിറവം വലിയ പള്ളിയിൽ ഹെെക്കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്സ് വിഭാഗം ഇന്നലെ ചരിത്രം കുറിച്ച് ആരാധന നടത്തി. 1974ൽ മലങ്കരസഭ ഓർത്തഡോക്‌സ്, യാക്കോബായ സഭകളായി വേർപിരിഞ്ഞതിനുശേഷം ആദ്യമായാണ് ഓർത്തഡോക്സ് പുരോഹിതർ ഇവിടെ ആരാധന നടത്തുന്നത്.
മുതിർന്ന വെെദികൻ സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിൽ രാവിലെ ഏഴിന് ഫാ. മാത്യൂസ് വാതക്കാട്ട്, ഫാ. മാത്യൂസ് കാഞ്ഞിരക്കാട്ട്, ഫാ. ഏല്യാസ് ചെറുകാട്, ഫാ. എബ്രഹാം കാരമേൽ എന്നിവരും സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം ഇടവകാംഗങ്ങൾ ആരാധനയ്‌ക്കായി പള്ളിയിൽ പ്രവേശിച്ചു. 7.30 ന് പ്രഭാത നമസ്‌കാരവും 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും അർപ്പിച്ചു.
ഇതേസമയത്ത് യാക്കോബായ വിഭാഗം പ്രതിഷേധ സൂചകമായി വലിയപള്ളിക്കുസമീപത്തെ കുരിശുപള്ളിക്ക് മുന്നിൽ കുർബാന നടത്തി. ഓർത്തഡോക്സ് വിഭാഗക്കാർ എത്തിയപ്പോൾ യാക്കോബായ വിഭാഗക്കാർ ചെറുതായി പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കി. പ്രാർത്ഥനയ്‌ക്കുശേഷം ഇവർ പിരിഞ്ഞുപോയി.
രാവിലെ 6 മണിക്ക് മൂവാറ്റുപുഴ തഹസീൽദാർ പി.എസ്. മധുസൂദനൻനായരും ആർ.ഡി.ഒ എ.ടി. അനിൽകുമാറുമാണ് പള്ളി തുറന്നുകൊടുത്തത്. ഡിവെെ.എസ്.പി കെ. അനിൽകുമാർ, പിറവം സി.ഐ കെ.എസ്. ജയൻ, എസ്.ഐ വി.ഡി. റെജിരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പള്ളിയിലും പരിസരത്തും സുരക്ഷ ഒരുക്കിയിരുന്നു. കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെ പൊലീസ് സംരക്ഷണം തുടരും.
ആരാധനയ്‌ക്കുശേഷം ഉച്ചയ്‌ക്ക് 12 ഓടെ തഹസിൽദാരും ആർ.ഡി.ഒയും ചേർന്ന് പള്ളിപൂട്ടി മുദ്രവച്ചു. വെെകിട്ട് താക്കോൽ കളക്‌ടർക്ക് കെെമാറി. പള്ളിക്കേസ് നാളെ (ചൊവ്വ ) ഹെെക്കോടതി വീണ്ടും പരിഗണിക്കും.
1934 ലെ സഭാ ഭരണഘടന അംഗീകരിക്കുന്നവർക്കും കുർബാനയിൽ താത്പര്യമുള്ളവർക്കും പങ്കെടുക്കാമെന്ന് വ്യക്തമാക്കിയ ഹെെക്കോടതി, ചടങ്ങുകൾ തടസപ്പെടുത്താനോ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാനോ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഏതാനും ഹിന്ദുക്കളും പ്രാർത്ഥനയിൽ പങ്കെടുത്തു.
നീതിയുടെയും സത്യത്തിന്റെയും വിജയം
പിറവം പള്ളിയിൽ നീതിയും സത്യവും ധർമ്മവും വിജയിച്ചു. നാലര പതിറ്റാണ്ടിനുശേഷം സമാധാനപരമായി ഇന്നലെ ആരാധന നടത്താൻ കഴിഞ്ഞത് ദെെവകൃപ കൊണ്ടാണ്. യാക്കോബായ വിഭാഗത്തിന്റെ രീതികളോട് അവരിലെ ബഹുഭൂരിപക്ഷവും യോജിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്. വിശ്വാസികൾക്ക് തുടർന്നും പള്ളിയിൽ ആരാധന നടത്താൻ തടസം നിൽക്കില്ല.
ഡോ. തോമസ് അത്താനോസിയോസ് മെത്രാപ്പൊലീത്ത,
കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ,
ഓർത്തഡോക്സ് സഭ