ന്യൂഡൽഹി: കാശ്മീർ പ്രശ്നത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ വീണ്ടും കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തിച്ചത് നെഹ്റുവാണ്. ഹിമാലയത്തെക്കാൾ വലിയ തെറ്റാണ് നെഹ്റു ചെയ്തത്. നെഹ്റു ഒറ്റയ്ക്കെടുത്ത തീരുമാനമായിരുന്നു അതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യസുരക്ഷ സംബന്ധിച്ച സെമിനാറിനെ അഭിസംബോധന ചെയ്യവെയാണ് നെഹ്റുവിനും കോൺഗ്രസിനുമെതിരായ ആരോപണങ്ങൾ ഷാ ആവർത്തിച്ചത്.
630 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കാനുള്ള ഉത്തരവാദിത്വമായിരുന്നു സർദാർ പട്ടേലിനുണ്ടായിരുന്നത്. എന്നാൽ നെഹ്റുവിന് ജമ്മു കാശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുക എന്ന ഒറ്റ ചുമതല മാത്രമായിരുന്നു ഉള്ളത്. ഈ ചുമതല 2019 ആഗസ്റ്റിലാണ് യാഥാർത്ഥ്യമായത്"- അമിത് ഷാ പറഞ്ഞു. ഇത്രയും കാലത്തെ കോൺഗ്രസ് സർക്കാരുകൾ ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. 1947 മുതൽക്കേ കാശ്മീർ വിവാദ വിഷയമായിരുന്നു. എന്നാൽ, ഒരേ അബദ്ധം ആവർത്തിക്കുന്നവർ ചരിത്രം എഴുതിത്തുടങ്ങിയതോടെ യാഥാർത്ഥ്യം മറച്ചുവയ്ക്കപ്പെട്ടു. കാശ്മീരിന്റെ യാഥാർത്ഥ്യങ്ങൾ ജനം അറിയേണ്ട കാലമാണിത്. അന്താരാഷ്ട്ര വേദികളിൽ ഒരു രാഷ്ട്രവും പാകിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. എല്ലാവരുടെയും പിന്തുണ ഇന്ത്യയ്ക്കാണ്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയം കൂടിയാണെന്നും ഷാ പറഞ്ഞു.
കാശ്മീർ ഉടൻ പഴയതുപോലെയാകും
കാശ്മീരിൽ സാധാരണ സാഹചര്യം ഉടൻ പുനഃസ്ഥാപിക്കും. അവിടെ ഒന്നിനും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. 196 പൊലീസ് സ്റ്റേഷനുകളിൽ എട്ടിടത്ത് മാത്രമാണ് നിരോധനാജ്ഞ നിലവിലുള്ളത്. കാശ്മീരിൽ നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വിവരങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. നിയന്ത്രണങ്ങൾ എവിടെയാണ്. മനസുകളിൽ മാത്രമാണ് നിയന്ത്രണങ്ങൾ. തെറ്റായ വിവരങ്ങളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നത് - ഷാ പറഞ്ഞു.