kerala-police

കൽപ്പറ്റ: ഹെൽമറ്റ് ധരിക്കാത്തത് പിഴയിട്ടതിനെ തുടർന്ന് പൊലീസുകാരനും ഡി.വൈ.എഫ്.എെ നേതാവും തമ്മിൽ നടുറോട്ടിൽ വാക്കേറ്റം. വയനാട് കൽപ്പറ്റ ടൗണിൽ വച്ച് ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഡി.വൈ.എഫ്.എെ ജില്ലാ ജോയിന്റ് സെക്രട്ടറി ഷംസുദ്ദീന്റെ വാഹനം തടഞ്ഞതിനെ തുടർന്നാണ് വാക്കേറ്റം. ഹെൽമറ്റ് ധരിക്കാത്തതിനെ തുടർന്ന് ഷംസുദ്ദീന് 1000 രൂപ പിഴ ചുമത്തുകയായിരുന്നു. എന്നാൽ പിഴയടക്കാൻ ഷംസുദീന്‍ തയ്യാറാകാതെ വന്നതോടെയാണ് തർക്കം രൂക്ഷമായത്.

ഇതിന്റെ വീഡ‌ിയോ ആരോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. 1000 രൂപ പിഴയിട്ട പൊലീസുകാരനോട് ഇത്രയും രൂപ അടയ്ക്കാൻ നിയമമില്ലെന്നാണ് ഷംസുദീൻ പറയുന്നത്. ഹെൽമറ്റ് ധരിക്കാത്തത് ക്രിമിനൽ കുറ്റമല്ലെന്നും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും നേതാവ് പറയുന്നു. ഷംസുദീൻ പിഴയടക്കാൻ തയ്യാറാകാതെ വന്നതോടെ കോടതിയിൽ പോയി പിഴ അടക്കാൻ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അതിനും തയ്യാറായില്ല.

തുടർന്ന് പൊലീസുകാരനോട് രൂക്ഷമായ രീതിയാണ് ഷംസുദീൻ സംസാരിച്ചത്. ഹെൽമെറ്റ് ധരിക്കാത്തത് ക്രിമിനൽ കുറ്റമല്ല. ആളുകളോട് മാന്യമായി പെരുമാറൻ പഠിക്കണമെന്നും നിന്നെ പോലുള്ള പൊലീസുകാരാണ് സർക്കാരിനെ മാനം കെടുത്തതെന്നും നേതാവ് പറയുന്നു. യൂണിഫോം അഴിച്ചുവെച്ചാൽ ഞാനും നീയും ഒരുപോലെയാണ്. യൂണിഫോം അഴിച്ചവെച്ച് നിരത്തിലേക്കിറങ്ങിയാൽ നിന്റെ കാല് തല്ലിയൊടിക്കുമെന്നും നേതാവ് ഭീഷണിപ്പെടുത്തുന്നു. എന്നാൽ താനൊരു ചുക്കും ചെയ്യില്ലെന്നാണ് പോലീസുകാരന്റെ മറുപടി. പോലീസുകാരന്റെ പരാതിയിൽ ഷംസുദ്ദീനെതിരെ കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.