കാസർകോട്: മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി രവീശ തന്ത്രി കുണ്ഠാറിന് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി പ്രാദേശിക നേതൃത്വം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികൾ നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്‍പക്ഷ വോട്ടുകൾ അകലുമെന്ന ആശങ്കയാണ് ഒരു വിഭാഗം നേതാക്കൾ പങ്കു വയ്ക്കുന്നത്.
നിഷ്‍പക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കണമെന്നുറപ്പിച്ചാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി നിർണയത്തിന് ഇറങ്ങിയത്. കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈയെ ആദ്യം സമീപിച്ചു. ഈ നീക്കം പാളിയതോടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തോ പാർട്ടി മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരിയോ സ്ഥാനാർത്ഥിയായേക്കുമെന്നായിരുന്നു സൂചന.
എന്നാൽ കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തത് രവീശ തന്ത്രി കുണ്ഠാറിനെയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെയും ആർ.എസ്.എസിന്റെയും പിന്തുണയാണ് തന്ത്രിക്ക് നേട്ടമായത്.
എന്നാൽ തീരുമാനത്തിനെതിരെ ബി.ജെ.പിയുടെ വിവിധ ഘടകങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. കുമ്പള പഞ്ചായത്ത് കമ്മറ്റി പാർട്ടി നേതൃത്വത്തെ എതിർപ്പറിയിച്ചു കഴിഞ്ഞു.
2016-ൽ കെ സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ അതേ നിലയിലുള്ള പ്രകടനം നടത്താൻ രവീശ തന്ത്രി കുണ്ഠാറിന് കഴിഞ്ഞിരുന്നില്ല. പുതിയ വോട്ടർമാരെയടക്കം ആകർഷിക്കാൻ തന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമർശനം പാർട്ടിയിൽ നിന്ന് ഉയരുകയും ചെയ്തു. എന്നാൽ എല്ലാ വിഭാഗം വോട്ടർമാരെയും ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സ്ഥാനാർത്ഥിയായ രവീശ തന്ത്രി പങ്കു വയ്ക്കുന്നത്.