ഹോങ്കോംഗ്: ഒരിടവേളയ്ക്ക് ശേഷം ഹോങ്കോംഗിൽ വീണ്ടും ജനാധിപത്യ പ്രക്ഷോഭം ശക്തമാകുന്നു. ഹോങ്കോംഗിൽ ഇന്നലെ ജനാധിപത്യവാദികളും ചൈനാ അനുകൂലികളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഹോങ്കോംഗിലെ ആസ്ഥാനത്തിന് സമീപത്താണ് ഇരുവിഭാ​ഗങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർവാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.

2014ൽ ബെയ്ജിംഗ് ഭരണകൂടത്തെയും ഹോങ്കോംഗ് സർക്കാരിനെയും പിടിച്ച് കുലുക്കിയ ശക്തമായ മഞ്ഞക്കുട വിപ്ലവത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുകയായിരുന്നു ഹോങ്കോംഗിൽ ജനാധിപത്യവാദികൾ. കുട്ടികളടക്കം ആയിരക്കണക്കിനാളുകളാണ് കുട വിപ്ലവത്തിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. കേന്ദ്രസർക്കാരിന്റെയും ലെജിസ്ലേറ്റിവ് കൗൺസിലിന്റെയും കെട്ടിടത്തിന് മുന്നിൽ വച്ചാണ് കുട സമരം വീണ്ടും ഓർമ്മിപ്പിക്കത്തക്ക വിധം കുടയും ചൂടി പ്രതിഷേധക്കാരെത്തിയത്. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചാണ് പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധക്കാർ സർക്കാർ കെട്ടിടങ്ങളുടെ ജനാലകൾ കല്ലെറിഞ്ഞ് തകർക്കുകയും ഹെലികോപ്‍ടറുകൾക്ക് നേരെ ലേസർ വെളിച്ചം പ്രയോ​ഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ചൈനീസ് ദേശീയഗാനം ആലപിച്ച് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചൈനാ അനുകൂലികൾ എത്തി. ജനാധിപത്യവാദികൾ നടത്തിയ റാലിയിൽ ചൈനാ അനുകൂലികൾ കല്ലെറിയുകയും ചെയ്തു. ഇതോടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, മൂന്ന് മാസത്തിലേറെയായി ഹോങ്കോംഗിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്.

ഇന്ന് നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന്റെ 70-ാം വാർഷികാഘോഷ പരിപാടിക്കിടയിലും പ്രക്ഷോഭം നടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. ഇതിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഹോങ്കോംഗിൽ ഒരുക്കിയിരിക്കുന്നത്. അതേസമയം, ഹോങ്കോംഗിലെ പ്രക്ഷോഭകാരികൾക്ക് പിന്തുണയറിയിച്ച് ആസ്ട്രേലിയ, തായ്‌വാൻ, ജപ്പാൻ എന്നിവിടങ്ങളിൽ ജനാധിപത്യവാദികൾ ഇന്നലെ റാലികൾ നടത്തി.

 മഞ്ഞക്കുടയിൽ വിറച്ച ഹോങ്കോംഗ്

2014 ൽ 79 ദിവസമാണ് കുട വിപ്ലവം അരങ്ങേറിയത്. സെപ്തംബർ 26 മുതൽ ഡിസംബർ 15 വരെയായിരുന്നു വിപ്ലവം. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ടമാർ പാർക്കിലെ സർക്കാർ കെട്ടിടത്തിന് മുന്നിൽ കുടയും ചൂടി പ്രതിഷേധം സംഘടിപ്പിച്ചത്. 1997ൽ ഹോങ്കോംഗിന്റെ നിയന്ത്രണം ചൈന ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ഇത്. ഹോങ്കോംഗിന്റെ ചീഫ് എക്‌സിക്യൂട്ടിവിനെ തിരഞ്ഞെടുക്കുന്നതിൽ ചൈനയുടെ അനുമതിയില്ലാതെ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ കഴിയില്ലെന്ന ചൈനയുടെ നിലപാടാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്.