prem-singh-

സിക്കിം:അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന്

സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇലക്‌ഷൻ കമ്മിഷൻ ഏ‌പ്പെടുത്തിയിരുന്ന ആറ് വർഷത്തെ അയോഗ്യത ഒരു വർഷവും ഒരു മാസവുമാക്കി വെട്ടിക്കുറച്ചു. ഇന്നലെയാണ് ഈ സുപ്രധാന തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേംസിംഗിനുണ്ടായിരുന്ന തടസം നീങ്ങി.

അഴിമതിക്കേസിൽ ഒരു വർഷം ജയിൽശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു അയോഗ്യത. ശിക്ഷാകാലാവധി പൂർത്തിയാക്കിയ 2018 ആഗസ്റ്റ് 10 മുതൽ 2024 ആഗസ്റ്റ് 10 വരെയുള്ള ആറുവർഷമായിരുന്നു വിലക്ക്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തീരുമാനമനുസരിച്ച് 2018 ആഗസ്റ്റിൽ ആരംഭിച്ച പ്രേംസിംഗിന്റെ അയോഗ്യതാകാലാവധി ഈ മാസം 10ന് അവസാനിച്ചു.

കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 32 സീറ്റുകളിൽ 17ലും വിജയിച്ചാണ് പ്രേംസിംഗ് അദ്ധ്യക്ഷനായ സിക്കിം ക്രാന്തികാരി മോർച്ച സംസ്ഥാനത്ത് ഭരണത്തിലെത്തിയത്. അയോഗ്യത കാരണം തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന പ്രേംസിംഗ് തമാംഗിനെ തന്നെ പാർട്ടി മുഖ്യമന്ത്രിയാക്കുകയായിരുന്നു. മേയ് 27നാണ് പി.എസ്. ഗോലെ എന്നറിയപ്പെടുന്ന പ്രേംസിംഗ് തമാംഗ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി തുടരാൻ ആറുമാസത്തിനകം തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതുണ്ട്. അതിന് രണ്ട് മാസം ശേഷിക്കെയാണ് അയോഗ്യത നീക്കിയിരിക്കുന്നത്.

അയോഗ്യത കുറയ്ക്കാൻ കാരണം

1996 - 97 കാലത്ത് നടന്ന ഒരു കുറ്റത്തിനാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ജനപ്രാതിനിദ്ധ്യ നിയമപ്രകാരം രണ്ട് വർഷം ശിക്ഷിക്കപ്പെട്ടാലാണ് അയോഗ്യത ഉണ്ടാവുന്നത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ ഒരു വകുപ്പ് പ്രകാരമാണ് 2016ൽ അദ്ദേഹത്തെ ഒരു വർഷം തടവിന് ശിക്ഷിച്ചത്. 2018ൽ കൊണ്ടുവന്ന ഭേദഗതിയിൽ ആ വകുപ്പ് ഒഴിവാക്കിയതും അദ്ദേഹത്തിന്റെ ഒരു വർഷത്തെ ശിക്ഷ പൂർത്തിയായതും കണക്കിലെടുത്താണ് അയോഗ്യതാ കാലയളവ് കുറച്ചതെന്ന് ഇലക്ഷൻ കമ്മിഷന്റെ അറിയിപ്പിൽ പറയുന്നു.

 അഴിമതിക്കേസ്

1990കളിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കന്നുകാലിവിതരണ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രേംസിംഗ് തമാംഗിനെ തടവിന് ശിക്ഷിച്ചത്. 2003ലാണ് അഴിമതിനിരോധനനിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

25 വർഷത്തെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ഭരണം അവസാനിപ്പിച്ചായിരുന്നു ബി. ജെ. പിയുടെ സഖ്യകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച 2019ൽ അധികാരത്തിലെത്തിയത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 15 സീറ്റ് മാത്രമാണ് നേടാനായത്.



''പ്രേംസിംഗ് മുഖ്യമന്ത്രിയായത് അദ്ദേഹത്തിന്റെ പാർട്ടിക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ്. ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതും അതുകൊണ്ടുതന്നെ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം കമ്മിഷനെ സമീപിക്കാതിരുന്നത്, നിയമപ്രകാരമുള്ള അയോഗ്യതയെ അംഗീകരിക്കുന്നതുകൊണ്ടാണ്." - തിര. കമ്മിഷൻ