 
കൊച്ചി : മാസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ മരടിലെ ഫ്ലാറ്റുകൾ ബലപ്രയോഗമില്ലാതെ ഒഴിപ്പിക്കാൻ വഴിയൊരുങ്ങി. ഫ്ളാറ്റുകൾ വിലയ്ക്ക് വാങ്ങിയവർ ഇന്ന് മുതൽ ഒഴിഞ്ഞുതുടങ്ങും. വാടകയ്ക്ക് താമസിച്ചിരുന്നവർ ഇന്നലെ ഒഴിഞ്ഞുതുടങ്ങി. സർക്കാർ കണ്ടെത്തിയ അഞ്ഞൂറോളം ഫ്ലാറ്റുകളിലേക്കാണ് ഉടമകൾ മാറുന്നത്.
വെള്ളിയാഴ്ചത്തെ സുപ്രീം കോടതിവിധിയും എതിരായതോടെ ഫ്ലാറ്റുടമകൾ അവസാന ശ്രമമെന്ന നിലയിൽ ചില ആവശ്യങ്ങൾ ഉന്നയിച്ച് നിരാഹാരം ആരംഭിച്ചെങ്കിലും എതിർപ്പുകളെ ചർച്ചയിലൂടെ സർക്കാർ മറികടന്നു. ആവശ്യങ്ങൾ പലതും അംഗീകരിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി. വൈകിട്ട് നാലിന് ഫ്ലാറ്റുകളിൽ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിച്ചു. നഷ്ടപരിഹാരതുകയുടെ ആദ്യഗഡു എത്രയും പെട്ടെന്ന് നൽകാമെന്നും കളക്ടർ ഉറപ്പുകൊടുത്തു.
ഇന്നലെ രാവിലെ നഗരസഭാ ഉദ്യോഗസ്ഥർ പുനരധിവാസ രേഖകളുമായി ഫ്ളാറ്റുകളിലെത്തി നടപടികൾ ആരംഭിച്ചു. അനിഷ്ടങ്ങൾ ഒഴിവാക്കാൻ പൊലീസിനെ വിന്യസിച്ചിരുന്നു.
ഓരോ ഫ്ലാറ്റിലേയും താമസക്കാരിൽ നിന്ന് പുനരധിവാസം വേണ്ടവരുടെ വിവരങ്ങളും നഷ്ടപരിഹാരം നൽകുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. ഉദ്യോഗസ്ഥർ എത്തുംമുമ്പ് എച്ച്.ടു.ഒ ഫ്ലാറ്റുടമകളിലൊരാളായ ജയകുമാർ വള്ളിക്കാവ് നിരാഹാരം ആരംഭിച്ചെങ്കിലും ഉച്ചയ്ക്ക് കളക്ടറുമായി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിച്ചു. അതേസമയം, ആൽഫ വെഞ്ച്വേഴ്സ്, ഗോൾഡൻ കായലോരം, ജെയിൻ കോറൽ എന്നീ ഫ്ലാറ്റുകളിലെ വാടകക്കാർ ശനിയാഴ്ച മുതൽ ഒഴിഞ്ഞു തുടങ്ങിയിരുന്നു.
ഫ്ളാറ്റുടമകളുടെ ആവശ്യങ്ങൾ
 പൊളിക്കുന്നതിന് മുമ്പ് ഫ്ളാറ്റുകളുടെ മൂല്യനിർണയം നടത്തണം.
 വാടകയ്ക്ക് ഒരു ലക്ഷം അഡ്വാൻസായി നൽകണം.
 ഒഴിപ്പിക്കൽ നോട്ടീസ് നൽകണം.
"സുപ്രീം കോടതി വിധി മാനിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനാലാണ് മാറുന്നത്. മൂന്ന് കിടപ്പുമുറികളുള്ള പുതിയ ഫ്ലാറ്റുകളാണ് സർക്കാർ കണ്ടുവച്ചതെന്ന് അറിയിച്ചിട്ടുണ്ട്."
ജയകുമാർ വള്ളിക്കാവ്
ഫ്ലാറ്റുടമ