india-

ന്യൂഡൽഹി ∙ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ ഈ വർഷത്തെ പട്ടികയിൽ ആദ്യഇരുപത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും.. രണ്ടുവർഷം മുമ്പ് നൂറാംസ്ഥാനത്തായിരുന്ന ഇന്ത്യയാണ് ലോകബാങ്കിന്റെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുറപ്പിച്ചത്.. ലോക ബാങ്ക് അടുത്തമാസം പുറത്തിറക്കാനിരിക്കുന്ന പുതിയ പട്ടികയിലാണു വ്യവസായം എളുപ്പമാക്കുന്നതിൽ ഏറ്റവും മെച്ചപ്പെട്ട ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടിയത്. ഒക്ടോബർ 24ന് പട്ടിക ലോക ബാങ്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നാണു റിപ്പോർട്ട്. വ്യവസായം ആരംഭിക്കുക, പാപ്പരത്തം പരിഹരിക്കുക, അതിർത്തി കടന്നുള്ള വ്യാപാരം, നിർമാണ അനുമതി എന്നീ നാലു മേഖലകളിലാണ് ഇന്ത്യയുടെ മുന്നേറ്റം.


ഇന്ത്യയുടെ ഈ നേട്ടം വർഷങ്ങളായുള്ള നവീകരണ പദ്ധതികളുടെ ഫലമാണെന്നു ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.കമ്പനിയുടെ പ്രവർത്തനങ്ങളും സാധ്യതകളും വിവരിക്കുന്ന നിയമരേഖ ഫയൽ ചെയ്യുന്നതിന് ഫീസ് നിർത്തലാക്കിയതു വ്യവസായം തുടങ്ങുന്നത് എളുപ്പമാക്കിയെന്നാണു റിപ്പോർട്ട് പറയുന്നത്. നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്കു സമന്വയിപ്പിച്ചതും അടിസ്ഥാന സൗകര്യങ്ങൾ നവീകരിച്ചതും നിക്ഷേപകർക്കു പ്രോൽസാഹനമായി. നിർമാണ അനുമതികൾ നേടുന്നത് ഏകജാലക സംവിധാനം എളുപ്പമാക്കി.

വ്യവസായം നടത്തുന്നതിന് 2003–2004 വർഷങ്ങളിൽ 48 നവീകരണ പദ്ധതികളാണ് ഇന്ത്യ നടപ്പാക്കിയത്. തുടർന്നുള്ള വർഷങ്ങളിലും പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോയി. ചെറുതും ഇടത്തരവുമായ സംരംഭങ്ങൾക്കു വ്യവസായം തുടങ്ങാനും തുടർ പ്രവർത്തനങ്ങൾ‍ നടത്താനും മികച്ച സാഹചര്യം ഒരുക്കിയ രാജ്യങ്ങളെയാണ് ഇത്തവണ പരിഗണിച്ചതെന്നു ലോക ബാങ്ക് വക്താവ് പറഞ്ഞു. 2017 ൽ ലോക ബാങ്ക് ഇറക്കിയ പട്ടികയിൽ 199 രാജ്യങ്ങളിൽ 100–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2018ൽ 77ൽ എത്തി. രണ്ടു വർഷം കൊണ്ട് ആദ്യ ഇരുപതിലേക്കും രാജ്യം കുതിച്ചുയർന്നിരിക്കുന്നു.

ചൈന, മ്യാൻമർ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഈ വർഷം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.