ഡൽഹി: ലോകത്തിലെ നാലാമത്തെ സെെനിക ശക്തിയായ ഇന്ത്യക്ക് അഭിമാനിക്കാൻ മറ്റൊരു കാര്യം കൂടി. ശത്രുവിന്റെ താവളത്തിൽ ഏത് സാഹചര്യത്തിലും പ്രത്യാക്രമണം നടത്താനും ഭീകരവിരുദ്ധ നീക്കത്തിനും സജ്ജരായ കമാൻഡോ വിഭാഗത്തിന്റെ പരീശീലനം പൂർത്തിയായി. പുതിയതായി രൂപവത്കരിച്ച സ്‌പെഷ്യൽ ഓപ്പറേഷൻ ഡിവിഷനിലെ കമാൻഡോകളാണ് നിർണായക പരിശീലനം പൂർത്തിയാക്കിയത്. ഇക്കഴിഞ്ഞ മേയിലായിരുന്നു കമാൻഡോ വിഭാഗം രൂപവത്ക്കരിച്ചത്.
അമേരിക്കയുടെ ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻ കമാൻഡ് എന്ന കമാൻഡോ വിഭാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇന്ത്യ സ്‌പെഷ്യൽ ഓപ്പറേഷന്‍ ഡിവിഷൻ രൂപവത്കരിച്ചത്. ഗുജറാത്തിലായിരുന്നു ഒരാഴ്ച നീണ്ടുനിന്ന അഭ്യാസ പരിശീലനങ്ങൾ നടന്നത്. യുദ്ധം, ഭീകരവിരുദ്ധ നടപടികൾ, അതിർത്തി കടന്നുള്ള മിന്നലാക്രമണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവരെ സജ്ജരാക്കിയിട്ടുണ്ട്.കരസേനയുടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ്, നാവിക സേനയുടെ മാർകോസ്, വ്യോമസേനയുടെ ഗരുഡ് എന്നീ കമാൻഡോ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് സ്‌പെഷ്യൽ ഓപ്പറേഷൻ ഡിവിഷൻ രൂപവത്കരിച്ചത്.
നിലവിൽ 150 മുതൽ 200 പേർ വരെ അടങ്ങുന്ന സംവിധാനം മാത്രമാണ് പ്രാവർത്തികമാക്കിയിരിക്കുന്നത്. 2000 പേരടങ്ങുന്ന കമാൻഡോ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ വിരുദ്ധ സൈനിക നീക്കങ്ങളില്‍ പങ്കെടുത്തിട്ടുള്ള മേജർ ജനറൽ എ.കെ. ധിന്‍ഗ്രയാണ് ഇതിന്റെ തലവൻ. മൂന്ന് സേനകളുടെയും സംയോജിത രൂപമായ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ കീഴിലാകും സ്‌പെഷ്യൽ ഓപ്പറേഷൻ ഡിവിഷൻ തുടർന്ന് പ്രവർത്തിക്കുക.