rbi-

ന്യൂഡൽഹി: റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപ കൂടി കേന്ദ്രസർക്കാർ ആവശ്യപ്പെട്ടേക്കും. ധനക്കമ്മി മറികടക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് റിസർവ് ബാങ്കിൽ നിന്ന് കൂടുതൽ തുക ആവശ്യപ്പെടാൻ കേന്ദ്രസർ‌ക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തിൽ നിലനിറുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ ജനുവരിയിൽ റിസർവ് ബാങ്ക് തീരുമാനമെടുക്കുമെന്നാണ് സൂചന.

ആവശ്യമെങ്കിൽ റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 മുതൽ 30,000 കോടിരൂപവരെ ധനക്കമ്മി നികത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടേക്കുമെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇടക്കാല ലാഭവിഹിതമായി 28,000 കോടിരൂപ കേന്ദ്രസർക്കാരിന് റിസർവ്ബാങ്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രസർക്കാരിന് കരുതൽ ശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ പൊതുകടം 2019-2020 സാമ്പത്തിക വർഷം 7.10 ലക്ഷം കോടിക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് സർക്കാരിന്റെ ശ്രമം.