rbi

മുംബയ്: ധനക്കമ്മി നിയന്ത്രിക്കാനായി റിസർവ് ബാങ്കിനോട് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സർക്കാർ‌ 30,000 കോടി രൂപ കൂടി ചോദിച്ചേക്കും. നടപ്പു സാമ്പത്തിക വർഷം (2019-20) ജി.ഡി.പിയുടെ 3.3 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, സാമ്പത്തിക മാന്ദ്യം മറികടക്കാൻ നികുതിയിൽ ഉൾപ്പെടെ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ, ഈ ലക്ഷ്യം കാണുക പ്രയാസമാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് കൂടുതൽ ലാഭവിഹിതം തേടുന്നത്.

കേന്ദ്രത്തിന്റെ ആവശ്യം സംബന്ധിച്ച് ജനുവരിയിൽ ചേരുന്ന റിസർവ് ബാങ്കിന്റെ ഡയറക്‌ടർ ബോ‌ർഡ് യോഗം തീരുമാനമെടുക്കും. 2018-19ൽ ഇടക്കാല ലാഭവിഹിതമായി (ഇന്ററിം ഡിവിഡൻഡ്) കേന്ദ്രത്തിന് റിസർവ് ബാങ്ക് 28,000 കോടി രൂപ നൽകിയിരുന്നു. 2017-18ൽ 10,000 കോടി രൂപയും ലഭിച്ചു. നടപ്പുവർഷം ലാഭവിഹിതമായി (ഡിവിഡൻഡ്) 95,411 കോടി രൂപ സർക്കാരിന് നേരത്തേ ലഭിച്ചിരുന്നു. സ‌ക്കാർ പ്രതീക്ഷിച്ചത് 90,000 കോടി രൂപയായിരുന്നു.

കേന്ദ്രത്തിന് കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്ക് ഗവർണർ‌ ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗം കഴിഞ്ഞ ആഗസ്‌റ്റിൽ തീരുമാനിച്ചിരുന്നു. മുൻ ഗവർണർ ബിമൽ ജലാൻ നയിച്ച പാനലിന്റെ നിർദേശ പ്രകാരമായിരുന്നു അത്. ഇതിൽ 1.23 ലക്ഷം കോടി രൂപ സർപ്ളസിൽ നിന്നും ബാക്കി കരുതൽ ശേഖരത്തിൽ നിന്നുമാണ്.

 കേന്ദ്രത്തിന്

കടബാദ്ധ്യത കുറയ്ക്കണം

പൊതുജനത്തിനും ബിസിനസ് ലോകത്തിനും ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നത് സർക്കാരിനെ വലിയ കടക്കെണിയിലാക്കുന്നുണ്ട്. നടപ്പുവർഷം ബഡ്‌ജറ്റിൽ ലക്ഷ്യമിടുന്ന പൊതുകടം 7.10 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇത് 5.35 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവർഷം ആദ്യ പകുതിയിൽ തന്നെ കടം 4.42 ലക്ഷം കോടി രൂപയായിട്ടുണ്ട്. കടഭാരം കൂടാതിരിക്കുക കൂടി ലക്ഷ്യമിട്ടാണ് റിസർവ് ബാങ്കിന്റെ പണം വേണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്.