imran-khan-

ന്യൂഡൽഹി: പാക് ടി.വി ചാനലുകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പൂർണനിരോധനം ഏർപ്പെടുത്തി പാകിസ്ഥാൻ അധികൃതർ. പാകിസ്ഥാനിലെ ടെലിവിഷൻ സെൻസർ സമിതിയായ പി.ഇ.എം.ആർ.എ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാർത്തകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും നൽകാൻ പാടില്ല. ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, മാദ്ധ്യമ പ്രവർത്തകർ, നിരൂപകർ തുടങ്ങിയവരെ ചാനൽ പരിപാടികളിലേക്ക് ക്ഷണിക്കരുത് തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.

ഓഗസ്​റ്റ് എട്ടിനാണ് ഇത്തരമൊരു ഉത്തരവ് പി.ഇ.എം.ആർ.എ പുറത്തിറക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പരസ്യങ്ങൾ, പാട്ടുകൾ,വാർത്തകൾ, രാഷ്ട്രീയ നിരൂപണങ്ങൾ, ചർച്ചകൾ എന്നിവ സംപ്രേക്ഷണം ചെയ്യുന്നതിനും വിലക്കുണ്ട്. പാകിസ്താൻ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്നുള്ള സിനിമയ്ക്കും ടി.വി പരിപാടികൾക്കും പാകിസ്താൻ സുപ്രീംകോടതി നിരോധനമേർപ്പെടുത്തിയിരുന്നു.. അതിനാൽ പി.ഇ.എം.ആർ.എയുടെ ഉത്തരവ് ലംഘിക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമായി കണക്കാക്കുമെന്നും അധികൃതർ പാക് ചാനലുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചാനലുകളിൽ കാണിക്കുന്നതിന് വിലക്കില്ല. കാശ്മീർ വിഷയത്തിൽ തങ്ങളുടെ വാദം മാത്രം പാക് ജനത അറിഞ്ഞാൽ മതിയെന്ന തീരുമാനമാണ് ഇതിന് പിന്നിലെന്നാണ് സൂചന. വിഷയത്തിൽ പാകിസ്ഥാന്റെ പരമാധികാരത്തിനെ ചോദ്യം ചെയ്യുന്ന യാതൊന്നും സംപ്രേക്ഷണം ചെയ്യരുതെന്നാണ് പി.ഇ.എം.ആർ.എ ഉത്തരവിൽ വ്യക്തമാക്കുന്നത്.