ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാഷ്ട്രീയ നേതൃത്വത്തെ ഞെട്ടിച്ച ഹണിട്രാപ്പിന്റെ പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുടെയും വലതുപക്ഷത്തെ പ്രമുഖ നേതാവിന്റെയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോർട്ട്. മുൻ മുഖ്യമന്ത്രിയും ഒരു പെൺകുട്ടിയുമായുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഈ വീഡിയോ മുൻകൂട്ടി ആസൂത്രണം ചെയ്ത് ചിത്രീകരിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇത്തരത്തിലുള്ള സംസ്ഥാനത്തെ പ്രമുഖരുടെ നാലായിരത്തോളം വീഡിയോദൃശ്യങ്ങളും സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും അന്വേഷണസംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്തി വരികയാണ്. ആരതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേത സ്വപ്നിയാൽ ജെയ്ൻ(48), ബർഖ സോണി(38), ഓം പ്രകാശ് കോറി(45) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. നാലായിരത്തോളം ഫയലുകളാണ് കേസിൽ അറസ്റ്റിലായവരുടെ ലാപ്‌ടോപ്പിൽ നിന്നും മൊബൈൽ ഫോണിൽനിന്നുമായി ലഭിച്ചിരിക്കുന്നത്. യുവതികളുമായുള്ള സെക്സ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്.മെമ്മറി കാർഡുകളിൽനിന്ന് സംഘം മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് ഹണിട്രാപ്പ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്. ഇൻഡോര്‍ സ്വദേശിയായ എഞ്ചിനീയർ നൽകിയ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ പുറത്ത് വന്നത്.