പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതിയ 'എക്സാം വാരിയേഴ്സ്' വായിച്ച് അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിച്ച് കുഞ്ഞ് മിടുക്കി.. അരുണാചൽ പ്രദേശ് സ്വദേശിയായ അലീന തയാങാണ് എക്സാം വാരിയേഴ്സ് വായിച്ച് നരേന്ദ്രമോദിക്ക് കത്തെഴുതിയത്. മൻ കീ ബാത്തിലായിരുന്നു അലീന തയാങിനെ പ്രധാനമന്ത്റി അഭിനന്ദിച്ചത്. കൊച്ചു മിടുക്കി അയച്ച കത്തും അദ്ദേഹം ശ്രോതാക്കൾക്കായി പങ്കുവച്ചു.
മൂന്ന് തവണയെങ്കിലും ആ പുസ്തകം താൻ വായിച്ചുവെന്നും പരീക്ഷയ്ക്ക് മുൻപ് ലഭിച്ചിരുന്നുവെങ്കിൽ കുറച്ച് കൂടി നല്ല പ്റകടനം കാഴ്ച വയ്ക്കാൻ സാധിക്കുമായിരുന്നു എന്നും അലീന കത്തിൽഎഴുതി. പുസ്തകത്തിനെതിരെ അല്പം വിമർശനവും കത്തിലുണ്ട്.. അടുത്ത പതിപ്പ് പുറത്തിറക്കുമ്പോൾ മാതാപിതാക്കളെയും അദ്ധ്യാപകരെയും കൂടി ഉൾപ്പെടുത്തണമെന്നും കത്തിൽ വ്യക്തമാക്കുന്നു.
അലീന ചൂണ്ടിക്കാണിച്ച കാര്യങ്ങൾ പരിഗണിക്കാമെന്നും പ്രധാനമന്ത്റി ഉറപ്പ് നൽകി. അലീന തന്റെ അനുഭവം പങ്കുവച്ചത് പോലെ പുസ്തകം വായിച്ച് അഭിപ്രായം അറിയിക്കാൻ എല്ലാ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 208 പേജുള്ള എക്സാം വാരിയേഴ്സ് എന്ന പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷയ്ക്ക് മികച്ച പ്രകടനം നടത്തുന്നതിനായി എങ്ങനെ തയ്യാറെടുക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമന്ത്റി ഈ പുസ്തകത്തിൽ പറയുന്നത്.