സാധാരണയുള്ള ലൈംഗികബന്ധം പോലെ തന്നെ സ്ത്രീപുരുഷൻമാർ പ്രാധാന്യം നൽകുന്നതാണ് വദനസുരതം അഥവാ ഓറൽ സെക്സ്. ലൈംഗികാരോഗ്യ സംഘടനകൾ നടത്തിയ പഠനത്തിൽ 80 ശതമാനത്തിലേറെ കമിതാക്കളും ദമ്പതികളും ഇഷ്ടപ്പെടുന്ന ലൈംഗിക രീതികളിൽ ഒന്നായി വദനസുരതത്തെ കണ്ടെത്തിയിട്ടുണ്ട്. ഗർഭധാരണം ഉണ്ടാകുന്നില്ല എന്നതു കൊണ്ടും മറ്റു കുഴപ്പങ്ങളോ അസുഖങ്ങളോ ഉണ്ടാക്കുന്നില്ല എന്ന ധാരണകൊണ്ടും പലരും വദനസുരതത്തെ ലാഘവത്തോടെ കരുതാറുണ്ട്.
ഉപകാരപ്രദമായതോ അസുഖങ്ങൾക്ക് കാരണമായതോ ആയ ബാക്ടീരിയ, വൈറസുകൾ, പൂപ്പല്‍ രോഗങ്ങളുണ്ടാക്കുന്ന ഫംഗസുകൾ തുടങ്ങി അനേകതരം അണുക്കള്‍ നമ്മുടെ വായിലുണ്ട്. വായിലും ലൈംഗികാവയവങ്ങളിലും അണുബാധയുണ്ടാക്കുന്ന ഒരു വൈറസാണ് ഹെർപ്പിസ്. വായ്പുണ്ണ് പോലെയുള്ള ഒരു തരം മുറിവാണ് ഇവ വായിലും ജനനേന്ദ്രിയത്തിലും ഉണ്ടാക്കുക. സാധാരണയായി ഹെർപ്പിസ് അണുബാധ കാരണമുണ്ടാകുന്ന മുറിവ് പത്തു മുതൽ പതിനാലു വരെ ദിവസം കൊണ്ട് ഉണ്ടാകാം. വായിൽ ഹെർപ്പിസ് അണുബാധയുള്ളപ്പോൾ വദനസുരതം നടത്തിയാൽ പങ്കാളിയുടെ ജനനേന്ദ്രിയത്തിലേക്ക് അണുബാധ പകരും. അതുപോലെ ജനനേന്ദ്രിയത്തിൽ മുറിവുള്ള സമയത്ത് വദനസുരതത്തിൽ ഏർപ്പെട്ടാൽ വായില്‍ അണുബാധയുണ്ടാകാനും കാരണമാവും. വായ്പുണ്ണ്, വായിലെ മുറിവുകൾ, മോണരോഗത്തിന്റെ ഫലമായി മോണ വീർത്ത് പഴുത്ത അവസ്ഥ, മോണയിൽ പഴുപ്പ് ഇടയ്ക്കിടെ കെട്ടിക്കിടക്കുന്ന അവസ്ഥ ഈ സന്ദർഭങ്ങളിലൊക്കെ വദനസുരതം ഒഴിവാക്കണം.
വദനസുരതം വഴി എയ്ഡ്‌സ് പകരുമോ എന്ന സംശയവും ചിലർക്കുണ്ട്..സാധാരണ ആരോഗ്യമുള്ള ഒരാളിൽ ഉമിനീര്‍ വഴി എയ്ഡ്‌സ് പകരാൻ സാധ്യത കുറവാണ്. നമ്മുടെ ഉമിനീരിലുള്ള ചില രാസവസ്തുക്കൾ വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ളവയാണ്. എന്നാൽ വായില്‍ അണുബാധയോ മുറിവുകളോ ഉള്ള അവസ്ഥയിലും ഉമിനീരിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്ന വേളയിലും വൈറസിനെ നശിപ്പിക്കാനുള്ള കഴിവ് കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ലൈംഗിക ജീവിതം ഒറ്റ പങ്കാളിയുമായാണെങ്കിൽ അധികം പേടിക്കേണ്ടതില്ല. എന്നാൽ ഒന്നിലധികം പങ്കാളികളുമായി വദനസുരതത്തിലേർപ്പെടുന്നവർ വായില്‍ അണുബാധയുള്ള അവസ്ഥയിലും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന വേളയിലും ഇത്തരം ലൈംഗികരീതി കുറച്ചു നാളത്തേക്ക് ഒഴിവാക്കുന്നതാണ് അഭികാമ്യം.
വദനാർബുദവും സ്ത്രീകളിൽ ഗർഭാശയഗള അർബുദവും ഉണ്ടാക്കുന്ന പാപ്പിലോമ വൈറസുകളും വായിൽ മുറിവുകളും അണുബാധയും ഉള്ള സമയത്ത് പകരാൻ കാരണമാവുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.. അതിനാൽ വായിലോ ജനനേന്ദ്രിയത്തിലോ മുറിവുകളോ പഴുപ്പോ മറ്റസുഖങ്ങളോ ഉള്ള സമയം വദനസുരതം ഒഴിവാക്കുക.
സ്ഖലനത്തിനു മുമ്പ് വദനസുരതം നിറുത്തുന്നവര്‍ക്ക് അണുബാധാ സാധ്യത കുറവാണെന്നു പറയാം. ആരോഗ്യകരമായ വദനസുരതത്തിന് ചില മുൻകരുതലുകള്‍ സ്വീകരിച്ചാല്‍ അത് ആനന്ദദായകവും ഉത്കണ്ഠാരഹിതവും ആക്കാം.
ആദ്യം ശ്രദ്ധിക്കേണ്ടത് വദനസുരതം കഴിഞ്ഞയുടൻ വായയും ലൈംഗികാവയവങ്ങളും കഴുകി വൃത്തിയാക്കണം. ലൈംഗികാവയവങ്ങളിൽ ലൈംഗിക ബന്ധത്തിന് മുമ്പ് ഉറ ധരിക്കുന്നതു പോലെ വദനസുരതം ചെയ്യുന്ന വേളയിലും ലിംഗത്തിലോ യോനീമുഖത്തോ ഉറ ധരിച്ചാൽ ഒരു പരിധി വരെ അണുബാധയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കാം.
മറ്റൊരു രീതി വായിൽ ധരിക്കാവുന്ന തരം ഡെന്റൽ ഡാമുകളാണ്. സാധാരണ പല്ലടയ്ക്കുമ്പോൾ ഉമിനീരിന്റെ തടസ്സം ഉണ്ടാവാതിരിക്കാൻ ദന്ത ഡോക്ടർമാര്‍ ഉപയോഗിക്കുന്നതാണ് റബർ ഡാമുകള്‍. ഇവയോ വദനസുരതത്തിനായുള്ള പ്രത്യേക തരം ഡാമുകളോ ഉപയോഗിക്കാം. ഇത് ഉറ പോലെ തന്നെ റബറിലുള്ള ഒരു തരം ഷീറ്റാണ്. ഉറ വേണമെങ്കിലും നെടുകെ മുറിച്ച് അതിനെ നിവർത്തി വായില്‍ വച്ച് ഉപയോഗിക്കാം. അതുമല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളും യഥാവിധി മുറിച്ചെടുത്ത് ഉപയോഗിക്കാം. എന്നാൽ കട്ടി കൂടിയ വസ്തുക്കൾ ഈ പ്രക്രിയയുടെ സുഖം നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ കട്ടി കുറഞ്ഞ റബർ ഡെന്റല്‍ ഡാമുകള്‍ തന്നെയാണ് ഏറ്റവും അഭികാമ്യം. സാധാരണ ഉറകളിൽ കാണപ്പെടുന്നത് പോലെ തന്നെ ഈ ഡാമുകളും പല തരം രുചികളിലും മണത്തിലും വിപണിയിൽ ലഭ്യമാണ്.