ആദ്യ ലാപ്പിൽ ലീഡ്, പിന്നീട് പിന്നിലേക്ക്
ദോഹ : ലോക ചാമ്പ്യൻഷിപ്പിൽ ആദ്യമായി അരങ്ങേറിയ 4 x 400 മീറ്റർ മിക്സഡ് റിലേയിൽ മലയാളി താരങ്ങളെ മാത്രം ഉൾപ്പെടുത്തി ഇറങ്ങിയ ഇന്ത്യ ആദ്യ ലാപ്പിൽ ലീഡ് നേടിയിട്ടും ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയ്ക്കാണ് സ്വർണം.
ഹീറ്റ്സിൽ ഇറങ്ങിയ മുഹമ്മദ് അനസ്, വിസ്മയ വി.കെ, ജിസ്ന മാത്യു,നിർമ്മൽ നോഹ് ടോം എന്നിവരടങ്ങിയ ടീമാണ് ഫൈനലിലും മത്സരിച്ചത്. ആദ്യ ലാപ്പിൽ അനസ് ഒന്നാമതായി വിസ്മയയ്ക്ക് ബാറ്റൺ കൈമാറി. വിസ്മയയിൽ നിന്ന് ജിസ്നയിലേക്ക് എത്തുമ്പോൾ ഇന്ത്യ പിന്നിലായിരുന്നു. ബാറ്റൺ കിട്ടിയ ജിസ്ന മറ്റ് താരങ്ങളുമായി കൂട്ടിയിടിച്ചതോടെ ലാസ്റ്റ്ലാപ്പിൽ നിർമലിലെത്തിയപ്പോഴേക്കും ഏറ്റവും പിന്നിലായിരുന്നു. നിർമൽ അവസാനക്കാരായ ബ്രസീലിന് തൊട്ടുമുന്നിൽ ഫിനിഷ് ചെയ്തു. ഹീറ്റ്സിലേക്കാൾ മികച്ച സമയമായ 3 മിനിട്ട് 15.77സെക്കൻഡിലായിരുന്നു ഇന്ത്യൻ ഫിനിഷ്.
ഹീറ്റ്സിൽ എട്ടാമതെത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീം സീസണൽ ബെസ്റ്റായ 3 മിനിട്ട് 16.14 സെക്കൻഡിലാണ് ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്. ബാറ്റൺ എക്സ്ചേഞ്ചിൽ ജിസ്നയും നിർമ്മലും വരുത്തിയ പിഴവ് ഒഴിവാക്കിയിരുന്നുവെങ്കിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെങ്കിലും 2020 ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു.