മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ റയൽ മാഡ്രിഡും അത്ലറ്റികോ മാഡ്രിഡും തമ്മിലുള്ള ഡർബി മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിൽനടന്ന മത്സരത്തിൽ മുൻതൂക്കം റയലിനായിരുന്നുവെങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.
കളി തീരാൻ 15 മിനിട്ടുള്ളപ്പോൾ കരിം ബെൻസേമയുടെ ഒരു ഹെഡർ അത്ലറ്റിക്കോ മാഡ്രിഡ് ഗോളി യാൻ ഒബ്ളാക്ക് അവിശ്വസനീയമായി സേവ് ചെയ്തത് റയലിന് കനത്ത തിരിച്ചടിയായി. അത്ലറ്റിക്കോയ്ക്ക് വേണ്ടി യാവോ ഫെലിക്സും സൗൾ നിഗ്വേസും നടത്തിയ ഗോൾ ശ്രമങ്ങൾ ഫലം കണ്ടില്ല. അത്ലറ്റിക്കോയും റയലും തമ്മിൽ ഗോൾ രഹിത സമനിലയിൽ പിരിയുന്ന ഏഴാമത്തെ മത്സരമാണിത്.
സമനിലയിലും ലാലിഗയിലെ ഒന്നാംസ്ഥാനം കാത്തുസൂക്ഷിക്കാൻ റയലിന് കഴിഞ്ഞു. ഏഴ് കളികളിൽ നിന്ന് 15 പോയിന്റാണ് റയലിന് ഇപ്പോഴുള്ളത്. 14 പോയിന്റുള്ള ഗ്രനാഡയാണ് രണ്ടാംസ്ഥാനത്ത്.
അത്ലറ്റിക്കോയ്ക്കും 14 പോയിന്റാണുള്ളതെങ്കിലും ഗോൾ മാർജിനിൽ മൂന്നാംസ്ഥാനത്താണ്. നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ 13 പോയിന്റുമായി നാലാമതാണ്.