ന്യൂഡൽഹി: 'ഇന്ത്യയെ ഒന്നാക്കിയ രാജ്യപിതാവാണ് മോദി' എന്ന് പറഞ്ഞുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ മകനായ തുഷാർ ഗാന്ധി. ഇങ്ങനെ അഭിപ്രായം പറയുന്ന ട്രംപിന് ആദ്യ അമേരിക്കൻ പ്രസിഡന്റായ ജോർജ്ജ് വാഷിംഗ്ടണെ മാറ്റി ആ സ്ഥാനത്ത് കയറിയിരിക്കാൻ ആഗ്രഹമുണ്ടോ എന്നും തുഷാർ ഗാന്ധി പരിഹസിച്ചു. ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികം ആഘോഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വെറും ചടങ്ങ് മാത്രമാണെന്നും തുഷാർ പറഞ്ഞു.
'രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് പുതിയൊരാളെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനായി മുന്നോട്ട് വരാം. ട്രംപിനും ചിലപ്പോൾ ജോർജ്ജ് വാഷിംഗ്ടണെ മാറ്റി ആ സ്ഥാനത്ത് കയറിയിരിക്കണമെന്ന് ആഗ്രഹം കാണും.' തുഷാർ ഗാന്ധി പറഞ്ഞു. 'ഹിംസയെയും ആക്രമത്തെയും ആരാധിക്കുന്നവർക്ക് ഗോഡ്‌സെയെ വാഴ്ത്താം. എനിക്ക് അവരോടൊന്നും ഒരു വിരോധവുമില്ല. അവർക്ക് അതിനുള്ള അവകാശം ഉണ്ട്. അതുപോലെതന്നെ എനിക്ക് ബാപ്പുവിനെ ആരാധിക്കാനും അവകാശമുണ്ട്. ഞാൻ അവരെ സ്വീകരിക്കുന്നു. എന്താണ് ശരിയെന്ന് കാലം തീരുമാനിക്കും.' വലതുപക്ഷത്തിലെ ഏതാനും ചിലർ ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ ആരാധനാപുരുഷനായി കാണുന്നതിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ തുഷാർ മറുപടി നൽകി.
ബാപ്പുവിന്റെ ആദർശങ്ങളും പ്രത്യയശാസ്ത്രവും ഭരണനിർവഹണത്തിലും ജീവിതത്തിലും കൊണ്ടുവരാൻ സാധിക്കുമെന്നും എന്നാൽ നിർഭാഗ്യവശാൽ ആരും അത് ചെയ്യുന്നില്ലെന്നും തുഷാർ ചൂണ്ടിക്കാട്ടി. ബാപ്പു ഇന്ന് വെറും ചിഹ്നം മാത്രമാണെന്നും, കറൻസികളിലും, സ്വച്ഛ് ഭാരത് പദ്ധതിയിൽ പതിക്കാനുള്ള പോസ്റ്ററുകളിലും മാത്രമാണ് അദ്ദേഹത്തെ ഇന്ന് ഉപയോഗിക്കുന്നതെന്നും തുഷാർ ചൂണ്ടിക്കാട്ടി. ഇന്ത്യ ശിഥിലമായിരുന്നതായി താൻ ഓർക്കുന്നുവെന്നും സംഘർഷങ്ങളും അക്രമങ്ങളും കാരണം വേർപെട്ടുനിന്ന ഇന്ത്യയെ മോദിയാണ് ഒന്നിപ്പിച്ചത് എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. മോദി അമേരിക്ക സന്ദർശിച്ചപ്പോഴായിരുന്നു ട്രംപ് ഈ അഭിപ്രായം പറഞ്ഞത്.