isis

പടന്ന: രാജ്യാന്തര ഭീകര സംഘടനയായ ഐസിസിൽ ചേർന്ന എട്ട് കാസർകോട്ടുകാർ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ഇക്കാര്യം സ്ഥിരീകരിച്ച ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) വിവരം കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ എട്ടുപേരുടെയും ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചുള്ള വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു. കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്‌ദുൾ റാഷിദ് അബ്‌ദുള്ളയുടെ നേതൃത്വത്തിൽ ഐസിസിൽ ചേർന്ന എട്ട് പേരാണ് ഇപ്പോൾ കൊല്ലപ്പെട്ടത്. ഇയാൾ നേതൃത്വം നൽകി മൊത്തം 23 പേർ ഐസിസിൽ ചേർന്നിരുന്നു. അബ്‌ദുൾ റാഷിദും ഇയാളുടെ കൂടെയുള്ളവരും പല ഘട്ടങ്ങളിലായി കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു.

എന്നാൽ രണ്ടു മാസം മുൻപ് അബ്‌ദുൾ റാഷിദ് കൊല്ലപ്പെട്ടതായി ഇയാളുടെ ബന്ധുക്കൾക്ക് വിവരമെത്തിയിരുന്നുവെങ്കിലും എൻ.ഐ.എ പുറത്തുവിട്ട എട്ട് പേരുടെ പട്ടികയിൽ ഇയാളുടെ പേരില്ല. കാസർകോഡ് പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഷിഹാസ്, അജ്മൽ, തൃക്കരിപ്പൂരിലെ മുഹമ്മദ് മർവാൻ, ഇളമ്പച്ചി സ്വദേശി മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് പലതവണയായി കൊല്ലപ്പെട്ടത്. 2016 മുതലാണ് ഇവരിൽ പലരും ഐസിസിൽ ചേരാനായി രാജ്യം വിട്ടത്.