devaswom-board

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. മരാമത്ത് പണികൾ ചെയ്‌തതിന്റെ കടം വീട്ടാനായി അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണമാണ് ദേവസ്വം ബോർഡിന് എടുക്കേണ്ടി വന്നത്. 35 കോടി രൂപയാണ് ബാങ്ക് നിക്ഷേപത്തിൽ നിന്നും ബോർഡ് എടുത്തത്, അതും പലിശയ്‌ക്ക്. ഇതോടുകൂടി സ്ഥിരനിക്ഷേപമായിരുന്ന ഈ തുകയുടെ പലിശയും ബോർഡിന് നഷ്‌ടമാകും.

സർപ്ളസ് ഫണ്ട് അഥവാ സിങ്കിംഗ് ഫണ്ട് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് എല്ലാ വർഷവും ബോർഡ് നിക്ഷേപം നടത്താറുണ്ട്. ഇത് പ്രധാനമായും ശബരിമലയിലെ വരുമാനത്തെ ആശ്രയിച്ചുമായിരുന്നു നടന്നുവന്നിരുന്നത്. എന്നാൽ യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ശബരിമലയിലെ വരുമാനത്തിൽ കഴിഞ്ഞവർഷം കുത്തനെ ഇടിവ് വന്നതോടെ എല്ലാം തകിടം മറിയുകയായിരുന്നു. ശബരിമലയ്‌ക്ക് പുറമെ മറ്റുപ്രധാന ക്ഷേത്രങ്ങളിലെ വരുമാനത്തിലും കുറവ് വന്നു. 100 കോടി നൽകി ബോർഡിനെ സർക്കാർ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അനുവദിച്ച 30 കോടി പോലും ഇതുവരെ കിട്ടിയിട്ടില്ല. തുടർന്നാണ് മറ്റുവഴികളില്ലാതെ നിക്ഷേപം പിൻവലിക്കേണ്ടി വന്നത്.

നടന്നത് ഹൈക്കോടതി നിർദേശത്തിന്റെ ലംഘനം

ക്ഷേത്രാവശ്യങ്ങൾക്കുള്ള പൂജാച്ചെലവുകൾ, ഭൂമി വാങ്ങൽ, ക്ഷേത്രങ്ങളിലെ അത്യാവശ്യ കാര്യങ്ങൾ എന്നിവയ്‌ക്ക് മാത്രമാണ് സർപ്ളസ് ഫണ്ട് ഉപയോഗിക്കേണ്ടത്. ഈ വ്യവസ്ഥ പാലിച്ചിരിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശവുമുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ നടപടി എന്നതും ശ്രദ്ധേയമാണ്.