ration

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേന്ദ്ര സർക്കാരിനോട് 800 കോടി രൂപ അധിക ഫണ്ട് ആവശ്യപ്പെട്ട് സി.ആർ.പി.എഫ്. ജവാന്മാർക്ക് റേഷൻ നൽകുന്നതിന് വേണ്ടി കരുതൽ ധനത്തിൽ നിന്ന് 800 കോടി രൂപ ചെലവഴിക്കാനാണ് സി.ആർ.പി.എഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയത്.

കേന്ദ്രം ഫണ്ട് നൽകാൻ വൈകുന്നതിനാൽ ജവാന്മാർക്ക് റേഷൻ അലവൻസ് നൽകുന്നത് തൽക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് വെളിപ്പെടുത്തി. അതേസമയം ഈ മാസത്തെ റേഷൻ മണി നൽകുന്നില്ലെന്ന ആരോപണം ഉദ്യോഗസ്ഥർ തള്ളി. സെപ്തംബറിലെ റേഷൻ അലവൻസ് ഉടൻ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി ശമ്പളത്തിന് പുറമെ ഒരാൾക്ക് 3600 രൂപയാണ് റേഷൻ അലവൻസായി നൽകുന്നത്.

രണ്ട് ലക്ഷം സി.ആർ.പി.എഫ് ജവാന്മാർക്ക് ജൂലായിൽ കുടിശ്ശികയടക്കം 22,​194 രൂപ റേഷൻ അലവൻസായി നൽകിയിരുന്നു. ഈ കാരണം കൊണ്ട് തന്നെ ഈ മാസത്തെ റേഷൻ നൽകുന്നതിന് സാമ്പത്തിക പ്രയാസമുണ്ടെന്ന് അധികൃതർ പറയുന്നു. ഇതുകൊണ്ടാണ് കരുതൽ ധനത്തിൽ നിന്ന് 800 കോടി രൂപ ചെലവഴിക്കാൻ സർക്കാരിനോട് അനുമതി തേടിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.