യെമൻ : ഹൂതിവിമതരുടെ അപ്രതീക്ഷിത ആക്രമണത്തിൽ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് വൻ ആളപായം സംഭവിച്ചതായി റിപ്പോർട്ടുകൾ. യെമനിൽ സഖ്യസൈന്യത്തിന്റെ നേതൃത്വത്തിലുള്ള സൈനിക താവളങ്ങൾ പിടിച്ചെടുത്തായി അവകാശപ്പെട്ട ഹൂതി വിമതരാണ് തങ്ങൾ അഞ്ഞൂറോളം സൗദി സൈനികരെ വധിക്കുകയും ആയിരക്കണക്കിന് സൈനികരെ ബന്ദികളാക്കിയിട്ടുമുണ്ടെന്ന അവകാശം ഉന്നയിച്ചത്. സഖ്യസൈന്യത്തിന്റെ കവചിത വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നതിന്റെയും, റോക്കറ്റുപയോഗിച്ച് തകർക്കുന്നതിന്റെയും വീഡിയോയും ഹൂതി വിമതർ പുറത്തുവിട്ടിട്ടുണ്ട്. മിസൈലുകളും ഡ്രോണുമുപയോഗിച്ചാണ് തങ്ങൾ ആക്രമണം നടത്തിയത്. എന്നാൽ സഖ്യസേനയുടെ ഇരുന്നൂറോളം
സൈനികർ കൊല്ലപ്പെട്ടതായി യെമൻ സർക്കാർ പ്രതിനിധികളും സ്ഥിരീകരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം സൗദിയുടെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ല. അതേസമയം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നു എന്ന അറിയിപ്പ് മാത്രമാണ് വന്നിട്ടുള്ളത്.
സൗദിയിലെ വിമാനത്താവളങ്ങൾക്കും, എണ്ണസംഭരണശാലകൾക്കും നേരെ ഡ്രോൺ ആക്രമണം പതിവാക്കിയിരിക്കുകയാണ് ഹൂതി വിമതർ. സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ ആരാംകോയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ലോകത്താകമാനം എണ്ണവിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. ആരാംകോയിലെ ഹൂതി വിമതരുടെ ആക്രമണത്തിന് ശേഷം യെമനിൽ സൗദി സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. വിമതരുടെ ശക്തി കേന്ദ്രങ്ങളിലും ആയുധ നിർമ്മാണ,സംഭരണ കേന്ദ്രങ്ങളും തകർത്തതായും സൗദി അവകാശപ്പെട്ടിരുന്നു. അതേസമയം സൗദിക്കും ഗൾഫിലെ സഖ്യരാഷ്ട്രങ്ങൾക്കും കൂടുതൽ സുരക്ഷയൊരുക്കുന്നതിനായി ഗൾഫ് മേഖലയിലേക്ക് കൂടുതൽ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. വ്യോമ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതടക്കമുള്ള ആയുധങ്ങളും ഉപകരണങ്ങളും ഈ മേഖലയിലേക്ക് അയക്കുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. യെമനിൽ നിന്നുമുള്ള ആക്രമണങ്ങൾക്ക് ആയുധബലം നൽകുന്നത് ഇറാനാണെന്ന് ആവർത്തിച്ച് ആരോപിക്കുന്ന അമേരിക്ക ഇറാനെതിരെ ഉപരോധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. യുദ്ധത്തിന്റെ നിഴൽ ഗൾഫ് മേഖലയിൽ പരക്കുന്നതിൽ പ്രവാസലോകവും കടുത്ത ആശങ്കയിലാണ്. ഇടയ്ക്കിടെയുള്ള ഹൂതികളുടെ ആക്രമണങ്ങൾ എണ്ണയുത്പാദനത്തെ ബാധിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.