'ആമി'യ്‌ക്ക് ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടൽ. വിനായകനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിനെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. കടലിലെ കൊമ്പൻ സ്രാവുകളെ വേട്ടയാടി പിടിക്കുന്ന പരുക്കൻ കഥാപാത്രമാണ് വിനായകന്റെത്. എന്നാൽ ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് വിനായകൻ ചിത്രത്തിൽ അഭിനയിച്ചതെന്ന് പറയുകയാണ് കമൽ. സിനിമയുടെ കഥപറഞ്ഞപ്പോൾ, തനിക്ക് നീന്താനൊന്നും അറിഞ്ഞുകൂടെന്നായിരുന്നു വിനായകൻ ആദ്യം പറഞ്ഞത്. എന്നാൽ സാറ് പറഞ്ഞാൽ കടലിലിറങ്ങി ചാടുകയോ ചാവുകയോ എന്തും ചെയ്യുമെന്ന വാക്ക് വിനായകൻ തനിക്ക് തരികയായിരുന്നുവെന്ന് കമൽ പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കമലിന്റെ വാക്കുകൾ-
'സെറ്റിൽ ഭയങ്കര കോപ്പറേറ്റീവ് ആയിരുന്നു വിനായകൻ. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എന്തുചെയ്യാനും തയ്യാറായിരുന്നു. ഞാൻ ആദ്യം കഥപറഞ്ഞപ്പോൾ തന്നെ വിനായകൻ എന്നോടു പറഞ്ഞത്, സാറെ എനിക്ക് നീന്താനൊന്നും അറിയില്ല പക്ഷേ ഈ കഥാപാത്രമാകുമ്പോൾ ഞാൻ കടലിൽ എന്തും ചെയ്യും. സാർ എന്നോട് എന്തു പറഞ്ഞാലും ഞാൻ കടലിൽ ഇറങ്ങി ചാടേ ചാവേ എന്തുവേണേലും ചെയ്യും. കടലിൽ ചാവാൻ വരെ തയ്യാറായിട്ട് വന്ന ആളാണ് അയാൾ. ആ ഒരു സ്‌പിരിറ്റ് പുള്ളിക്കുണ്ടായിരുന്നു.
പഠിച്ച് കഷ്‌ടപ്പെട്ടാണ് അയാൾ ചെയ്‌തത്. നീന്താൻ അറിഞ്ഞാൽ പോരാ, പലപ്പോഴും ഷോട്ട് കടലിന്റെ അടിയിലാണ്. മാസ്‌ക് വയ്‌ക്കാൻ പോലും ട്രെയിനിംഗ് ആവശ്യമാണ്. അതുകഴിഞ്ഞ് ടേക്ക് സമയത്ത് മാസ്‌ക് മാറ്റി ബ്രെഡ്‌ത്ത് പിടിച്ചിട്ടാണ് അഭിനയിക്കുന്നത്. എത്രനേരം ബ്രെഡ്‌ത്ത് പിടിക്കാൻ പറ്റുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് ചലഞ്ചാണ്. ഒന്നരമിനിട്ടൊക്കെ ബ്രെഡ്‌ത്ത് കൺട്രോൾ ചെയ്‌ത് പിടിച്ചിട്ടാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ശ്വാസം കിട്ടാത്ത അവസ്ഥയിൽ മാസ്‌ക് തിരിച്ചുവയ്‌ക്കാൻ അടയാളം കാണിക്കാം. എന്നാൽ മാസ്‌ക് തിരിച്ചു വയ്‌ക്കുമ്പോൾ കറക്‌ട് അല്ലായെന്നുണ്ടെങ്കിൽ ജീവൻ വരെ നഷ്‌ടമാകും'.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം-