തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിൽ 3.71കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയുടെ അക്കൗണ്ടിലേക്ക് 74 ലക്ഷത്തോളം വകമാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ജാസ്മിൻ ഷായുടെ ഭാര്യയ്ക്ക് ആകെ ആറ് അക്കൗണ്ടുകളുണ്ട്. ഖത്തറിൽ ജോലി ചെയ്യുന്ന ഇവരുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ യു.എൻ.എ അക്കൗണ്ടിൽ നിന്നും, യു.എൻ.എ ഭാരവാഹികളും ഓഫീസ് സ്റ്റാഫും ഉൾപ്പെടെയുള്ളവർ വഴിയും അക്കൗണ്ടിലേക്ക് പണമയച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
സാമ്പത്തിക തട്ടിപ്പിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഷബ്നയെ കേസിൽ എട്ടാം പ്രതിയാക്കി. കൂടുതൽ വിവരങ്ങൾ പരിശോധിച്ച് വരികയാണ്. അതേസമയം തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, യു.എൻ.എ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർ നേരത്തേ വാദിച്ചിരുന്നു.