march-congress-leaders

ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിൻമയാനന്ദിനെതിരെ കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. പീഡന പരാതി നൽകിയ നിയമ വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്താനിരുന്നത്. ഷഹജൻപുരിൽനിന്ന് ലഖ്‌നൗവിലേക്ക് മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് തീരുമാനിച്ചത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ് അടക്കമുള്ളവരെ വീട്ടു തടങ്കലിലാക്കി. മൂന്ന് നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

പണം തട്ടാൻ ശ്രമിച്ചെന്നുള്ള ചിന്മയാനന്ദിന്റെ സഹായികൾ നൽകിയ പരാതിയിൽ 23-കാരിയായ നിയമ വിദ്യാർത്ഥിനിയെ കഴിഞ്ഞ ആഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് വീട്ടിൽ കയറി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് വിദ്യാത്ഥിനിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം,​ സ്വാമി ചിന്മയാനന്ദിന് ലഭിക്കുന്നത് എ.സി മുറിയിലെ താമസവും ചികിത്സയുമടക്കമുള്ള സൗകര്യങ്ങളെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

പ്രതി സുഖവാസം അനുഭവിക്കുമ്പോൾ ഇരയും പരാതിക്കാരിയുമായ തന്റെ മകൾ ജയിലിൽ പീഡനം അനുഭവിക്കുകയാണെന്ന് കുറ്റപ്പെടുത്തി പിതാവ് രംഗത്തെത്തിയിരുന്നു. ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാർത്ഥിനിയായിരുന്ന തന്നെ ഒരുവർഷത്തോളം ചിന്മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ,​ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദ് യുവതിക്കെതിരെയും പരാതി നൽകുകയായിരുന്നു.