kaumudy-news-headlines

1. കോന്നിയിലെ യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് എത്തി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും നടത്തിയ അനുനയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് അടൂര്‍പ്രകാശ് വഴങ്ങിയത്. കോന്നിയില്‍ പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥി ആക്കിയതില്‍ അടൂര്‍ പ്രകാശ് എംപി കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇരുന്നു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്ററിന് ഇന്നലെ കെ.പി.സി.സി പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നു. പ്രതിഷേധം തണുപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാല്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്ന് അടൂര്‍ പ്രകാശ് സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടു. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വരണം എന്നായിരുന്നു ബാബു ജോര്‍ജിന്റെ നിലപാട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ് അടൂര്‍പ്രകാശ് സംസാരിക്കുന്നത് എന്നും ബാബു ജോര്‍ജ് കുറ്റപ്പെടുത്തി ഇരുന്നു


2. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് പുതുക്കിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതിയ്ക്ക് കൂടുതല്‍ തെളുവുണ്ടെന്ന് വിജിലന്‍സ്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് പാലം നിര്‍മാണ സമയത്ത് കോടികളുടെ സ്വത്ത് വാങ്ങി. മകന്റെ പേരില്‍ വാങ്ങിയ 3.3 കോടിരൂപയുടെ സ്വത്തില്‍ രണ്ടുകോടിയും കള്ളപ്പണം ആണ്. വി.കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിച്ച് വരിക ആണ് എന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു
3. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. നാളെയാണ് സൂക്ഷ്മ പരിശോധന. ഒകേ്ടാബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ മാത്രമാണ് മുന്നണികളില്‍ നിന്ന് പത്രിക നല്‍കിയിട്ടുള്ളത്. മഞ്ചേശ്വരത്ത് രണ്ട് സ്വതന്ത്രരും പത്രിക നല്‍കിയിട്ടുണ്ട്. ശനിയും ഞായറും അവധി ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല
4. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് പത്രിക സമര്‍പ്പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും ഇന്നു തന്നെ പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ഉച്ചയോടെയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. പത്രിക പിന്‍വലിക്കാനുളള അവസാന തിയതിയായ ഒകേ്ടാബര്‍ മൂന്നിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുക. അടുത്ത മാസം 21നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24നും നടക്കും. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ പ്രചാരണം സജീവമായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകളും ആരംഭിച്ചിട്ടുണ്ട്.
5. മരടിലെ ഫ്ളാറ്റ് ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. മൂന്നംഗ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തങ്ങളുടെ ഭാഗം സമിതി കേട്ടില്ല എന്നാണ് ഫ്ളാറ്റ് ഉടമകളുടെ വാദം. അതിനിടെ, മരടിലെ ഫ്ളാറ്റ് ഒഴിപ്പിക്കല്‍ നടപടി ഇന്നും തുടരുകയാണ്. പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ളാറ്റുകളില്‍ ഏറ്റവും സൗകര്യ പ്രദമായത് തിരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്ളാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുയോജ്യമായ ഫ്ളാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധന സാമഗ്രികള്‍ മാറ്റാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും.
6. എന്നാല്‍ ഫ്ളാറ്റുകള്‍ ഒഴിയുന്നവര്‍ക്ക് താമസിക്കാന്‍ ആയി സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ല എന്ന പരാതിയുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്ത്. ഫ്ളാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മോശമായ മറുപടി. വ്യക്തമായ അന്വേഷണം നടത്താതെ ആണ് ജില്ലാഭരണകൂടം ഫ്ളാറ്റുകളുടെ പട്ടികകള്‍ തയ്യാര്‍ ആക്കിയത്. 2 ദിവസത്തിന് ഉള്ളില്‍ പുതിയ സ്ഥലം കണ്ടെത്തി മാറുക പ്രയാസം എന്നാണ് ഉടമകളുടെ നിലപാട്. ഇന്നലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഉടമകളുടെ ബാക് അക്കൗണ്ട് വിവരങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ഫ്ളാറ്റുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നേരത്തെ മുതല്‍ ഒഴിഞ്ഞ് തുടങ്ങിയിരുന്നു.
7. വിദേശത്ത് ഉള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്ളാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തീയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒമ്പതാം തിയതി ഫ്ളാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും. നിര്‍മാതാക്കള്‍ക്ക് എതിരെ ഉടമകള്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഊര്‍ജ്ജിതം ആക്കിയിട്ടുണ്ട്. അതേസമയം, സബ് കളക്ടറുടെ അധ്യക്ഷതയില്‍ മരട് നഗരസഭ കൗണ്‍സിലിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗവും ഇന്ന് ചേരും.
8. പാകിസ്ഥാന് താക്കീതുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്ത്. ഇനി ഒളിച്ചു കളിക്കില്ലെന്നും വേണ്ടി വന്നാല്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടാന്‍ തയ്യാര്‍ എന്നും പ്രഖ്യാപനം. ഇന്ത്യയ്ക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും. ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കും എന്നും കരസേനാ മേധാവി. പാകിസ്ഥാന്‍ അന്തരീക്ഷം വികലം ആക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രം ആയിരിക്കും എന്നും മിന്നലാക്രമണം ഒരു സന്ദേശം ആണെന്നും കൂട്ടിച്ചേര്‍ക്കല്‍
9. ഒരു യുദ്ധം ഉണ്ടായാല്‍ ആണവ ആയുധം ഉപയോഗിക്കും എന്ന പാകിസ്ഥാന്റെ വാദത്തെ അന്താരാഷ്ട്ര സമൂഹം അനുവദിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടി അല്ലെന്നും പ്രതിരോധത്തിന് ഉള്ളത് ആണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഭീകര വാദത്തിന് പാകിസ്ഥാന്‍ പിന്തുണ നല്‍കുന്നു. ഇന്ത്യയുമായി നിഴല്‍ യുദ്ധം നടത്താനാണ് പാക് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം