oil-price

റിയാദ് : ലോക സമ്പദ്‌വ്യസ്ഥയ്ക്ക് ഒന്നാകെ മുന്നറിയിപ്പുമായി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ. ഇറാനുമായുള്ള തർക്കം ഇനിയും സൗദി തുടർന്നാൽ അത് ലോക സമ്പദ്വ്യവസ്ഥയെ തകർക്കുന്ന തരത്തിലേക്ക് ഉയരുമെന്നാണ് മുഹമ്മദ് ബിൻ സൽമാന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും അമേരിക്കൻ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സൽമാൻ ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ ഒന്നിച്ച് ചേർന്ന് ഇറാനെ പിന്തിരിപ്പിച്ചില്ലെങ്കിൽ ആർക്കും സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ എണ്ണവില ഉയർന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇറാനുമായി ഒരു യുദ്ധം സൗദി ആഗ്രഹിക്കുന്നില്ലെന്നും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ തുറന്നുപറഞ്ഞു.

salman

യെമനിലെ ഹൂതിവിമതരുമായുള്ള പോരാട്ടം സൗദി കടുപ്പിക്കുന്നതിനിടെയാണ് സൗദി കിരീടാവകാശിയുടെ മുന്നറിയിപ്പ് പുറത്ത് വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അഭിമുഖം അമേരിക്കൻ മാദ്ധ്യമം പുറത്തുവിട്ടത്. രണ്ടാഴ്ച മുൻപ് സൗദിയിലെ പൊതുമേഖല എണ്ണകമ്പനിയായ ആരാംകോയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ലോകത്താകമാനം എണ്ണവിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. സൗദിയുടെ എണ്ണകയറ്റുമതിയുടെ അമ്പത് ശതമാനവും ആക്രമണത്തെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടി വന്നു. ആരാംകോയിലെ ഹൂതി വിമതരുടെ ആക്രമണത്തിന് ശേഷം യെമനിൽ സൗദി സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതികൾക്ക് ആവശ്യമായ ആയുധങ്ങൾ നൽകുന്നത് ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കയ്ക്ക് പിന്നാലെ സൗദിയും ഇറാന് പങ്കുള്ളതായി ആരോപിച്ചിരുന്നു. സൗദിക്കും ഗൾഫിലെ സഖ്യരാഷ്ട്രങ്ങൾക്കും കൂടുതൽ സുരക്ഷയൊരുക്കുന്നതിനായി ഗൾഫ് മേഖലയിലേക്ക് കൂടുതൽ ആയുധങ്ങളും സൈനികരെയും അയക്കുമെന്ന് അമേരിക്ക കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.