ciyani-benny

അബുദാബി: ഡൽഹിയിൽ നിന്നും കാണാതായതിനെ തുടർന്നുണ്ടായ ലൗ ജിഹാദ് ആരോപണത്തെ നിഷേധിച്ച് മലയാളി പെൺകുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ഇസ്ളാം മതം സ്വീകരിച്ചതെന്നും അബുദാബിയിൽ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു ഉദ്ദേശമെന്നും സിയാനി ബെന്നി എന്ന് പേരുള്ള പെൺകുട്ടി പറഞ്ഞു. താൻ ഈ ആവശ്യത്തിനായാണ് രാജ്യം വിട്ട് യു.എ.ഇയിലേക്ക് എത്തിച്ചേർന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ന്യൂനപക്ഷ കമ്മീഷൻ, കേരള മുഖ്യമന്ത്രി, കേരള ഡി.ജി.പി എന്നിവർക്ക് താൻ കത്തെഴുതിയിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. ഖലീജ് ടൈംസിനോടാണ് സിയാനി ബെന്നി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡൽഹി സർവകലാശാലയിലെ ജീസസ് ആൻഡ് മേരി കോളേജിലെ വിദ്യാർത്ഥിയാണ് സിയാനി ബെന്നി. ക്രിസ്ത്യൻ മതവിശ്വാസിയായ പെൺകുട്ടി ലൗ ജിഹാദിന്റെ ഇരയാണെന്നും പെൺകുട്ടിയെ നിർബന്ധിച്ച് വിദേശത്തേക്ക് കടത്തിയെന്നുമുള്ള മട്ടിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് സത്യവിരുദ്ധമാണെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. രണ്ടാഴ്ച മുൻപ് അബുദാബിയിലേക്ക് പുറപ്പെട്ട പെൺകുട്ടി നിർബന്ധിത മതപരിവർത്തനത്തിന് വിധേയയായി എന്നാണ് സിയാനിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നത്.

ഒരു വ്യക്തിയുടെയോ മതത്തിന്റെയോ സമ്മർദ്ദത്തിന് വിധേയമായല്ല താൻ ഇസ്ളാം മതം സ്വീകരിച്ചതെന്നും പെൺകുട്ടി വ്യക്‌തമാക്കുന്നു. മതം മാറിയ ശേഷം താൻ 'ഐഷ' എന്ന് പേര് സ്വീകരിച്ചതായും സിയാനി പറഞ്ഞു. യു.എയിൽ വച്ചാണ്‌ സിയാനി മതം മാറിയത്. സിയാനി അബുദാബിയിലേക്ക് പോയ സംഭവത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ അടക്കമുള്ളവർ ഇടപെട്ടിരുന്നു. ഈ സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

ക്രൈസ്തവ വിഭാഗങ്ങൾ ഇസ്‌ലാമിക തീവ്രവാദികളുടെ മൃദു ലക്ഷ്യങ്ങളാണെന്നും ഇവരെ ലവ് ജിഹാദിലൂടെ കുടുക്കി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് മതപരിവർത്തകരുടെ ലക്ഷ്യമെന്നുമാണ് ജോർജ്ജ് കുര്യൻ തന്റെ കത്തിൽ ആരോപിക്കുന്നത്. സിയാനിയുടെ തീരുമാനം അറിഞ്ഞ മാതാപിതാക്കൾ ഏറെ വിഷമത്തിലാണെന്നാണ് അബുദാബിയിൽ താമസിക്കുന്ന ഇവരുടെ ഒരു പരിചയക്കാരൻ പറയുന്നത്. മകളുടെ തീരുമാനം അറിയാതെയാണ് സിയാനിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും സിയാനി അബുദാബിയിൽ ഉള്ള കാര്യം സെപ്തംബർ 22ന് മാത്രമാണ് മാതാപിതാക്കൾ അറിഞ്ഞതെന്നും ഇയാൾ പറയുന്നു.