bihar-flood

ന്യൂഡൽഹി: ബീഹാറിലെ പ്രളയത്തിൽ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പത്തനംതിട്ട സ്വദേശികൾ അടക്കം പത്തിലധികം മലയാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സഹായത്തിന് ആരും എത്തിയിട്ടില്ലെന്ന് മലയാളിയായ സണ്ണി വ്യക്തമാക്കി. വീടുകളിലടക്കം വെള്ളം കയറി കിടക്കുന്നതായി അദ്ദേഹം പറഞ്ഞു. രണ്ട് കുപ്പി വെള്ളം എത്തിച്ചതല്ലാതെ പുറത്ത് കടക്കാനായി മറ്റ് സഹായങ്ങൾ എത്തിച്ചിട്ടില്ലെന്നും സണ്ണി കൂട്ടിച്ചേർത്തു.

യു.പിയിലും ബീഹാറിലും ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 86 ആയി. കിഴക്കൻ ഉത്തർപ്രദേശിലും പാട്നയുൾപ്പെടെയുള്ള ബീഹാറിലെ പ്രദേശങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബീഹാറിൽ കനത്ത മഴയെ തുടർന്ന് പാറ്റ്ന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇവിടത്തെ റോഡ്, റെയിൽ ഗതാഗതങ്ങളും താറുമാറായി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീഡിയോ കോൺഫറൻസിംഗ് വഴി സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ഇവിടങ്ങളിലും നിരവധിപേർ മരിച്ചു.

അതേസമയം,​ പ്രളയക്കെടുതി നേരിടുന്ന ബിഹാറിലെ ജനങ്ങൾക്ക് ആവശ്യമെങ്കിൽ സഹായമെത്തിക്കാൻ സന്നദ്ധമാണെന്ന് കേരളം ബീഹാർ സർക്കാരിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ.സമ്പത്താണ് ബിഹാർ സർക്കാരുമായും പാറ്റ്ന ജില്ലാ ഭരണസംവിധാനവുമായും ബന്ധപ്പെട്ടത്. ചീഫ് സെക്രട്ടറി ടോം ജോസ് ബിഹാർ ചീഫ് സെക്രട്ടറി ദീപക് കുമാറിനെയും ബന്ധപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽപ്പെട്ട മലയാളികൾക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ബീഹാർ ചീഫ് സെക്രട്ടറി ഉറപ്പുനൽകിയിട്ടുണ്ട്.

പ്രളയത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ഇപ്പോൾ ദുരന്തനിവാരണ സേനയും മറ്റ് ഏജൻസികളും ശ്രമിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയും യു.പിയിലെയും ബീഹാറിലെയും അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മലയാളി കുടുംബങ്ങളുടെ കാര്യങ്ങൾ അന്വേഷിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാൻ നോർക്ക വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.