അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി - മോദി പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നു വിശേഷിപ്പിച്ചത് ആകസ്മികമാണോ? പരസ്പരം പുകഴ്ത്തി മുന്നേറുന്നതിനിടയിൽ ട്രംപ് ഇത്തരമൊരു പ്രയോഗം നടത്തിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് വിശ്വസിക്കുന്നവർ ഏറെ.
മഹാത്മാഗാന്ധിജിയുടെ 150-ാം ജന്മവാർഷികം ഇന്ത്യയിലും ലോകമെമ്പാടും ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുമ്പോൾ, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവിൽ നിന്നു മുറിച്ചു മാറ്റാനാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്ക്കുന്നുണ്ടെങ്കിൽ അത് ഗാന്ധിജി നമുക്കിടയിൽ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യരാഷ്ട്രമാക്കി മാറ്റാൻ ആദ്യം ഗാന്ധിജിയെ ജനമനസുകളിൽ നിന്നു പിഴുതെറിയണമെന്നു സംഘപരിവാർ ശക്തികൾക്ക് വ്യക്തമായി അറിയാം. അതിന് ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഖാദി കലണ്ടറിൽ ചർക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദി ചർക്ക തിരിക്കുന്ന ചിത്രം ചേർത്തതും ആകസ്മികമല്ല. ഹിന്ദുമഹാ സെക്രട്ടറി പൂജ ഷക്കൂൺ ഗാന്ധിജിയുടെ ചിത്രത്തിനു നേരേ വെടിയുതിർത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വദിനം ആചരിച്ചത്.
ഗാന്ധിയുടെ ആദർശങ്ങൾ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായതെന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീൺ തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകൻ നാഥുറാം ഗോഡ്സെയ്ക്കു വേണ്ടി ഗ്വാളിയറിൽ ക്ഷേത്രംവരെ പണിതത് ഹിന്ദുമഹാസഭ. മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആർ.എസ്.എസ് നേതാക്കളായ മാധവ് സദാശിവ ഗോൽവർക്കറും വിനായക ദാമോദർ സർവാർക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത്.
ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നെന്ന് വിശ്വസിക്കാൻ വരുംതലമുറകൾ പ്രയാസപ്പെടുമെന്നാണ് വിശ്രുത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത്. ലോകചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതൻ ആർനോൾഡ് ടോയൻബി എഴുതി. ഗാന്ധിജി അനിവാര്യമാണെന്നും മാനവരാശിക്കു മുന്നേറണമെങ്കിൽ ഗാന്ധിജി ഉണ്ടായേ തീരൂ എന്നും കറുത്തവർഗക്കാരുടെ മുന്നണിപ്പോരാളി മാർട്ടിൻ ലൂതർ കിംഗ് അരനൂറ്റാണ്ട് മുമ്പ് ചൂണ്ടിക്കാട്ടി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട്, 2007 മുതൽ ഐക്യരാഷ്ട്രസംഘടന അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി ചോരയും നീരും ആയുസും നല്കിയ ഗാന്ധിജി പക്ഷേ, സാമുദായിക ഭ്രാന്തിനു രാജ്യം അടിമപ്പെട്ട ആ നാളുകളിൽ അതീവ ദു:ഖിതനായിരുന്നു. കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ ബ്രിട്ടനുമായി അധികാരക്കൈമാറ്റ ചർച്ചകളിൽ മുഴുകിയപ്പോൾ ഗാന്ധിജി അതിർത്തി ഗ്രാമങ്ങളിൽ പരസ്പരം കൊന്നു മുന്നേറുന്നവർക്കിടയിൽ മുറിവേറ്റ ഹൃദയവുമായി ഓടിനടന്നു. ബ്രിട്ടീഷ് പട്ടാളവും ഇന്ത്യൻ സൈനികരും തോറ്റോടിയിടത്ത് ഗാന്ധിജിയെന്ന ഒറ്റയാൾ പട്ടാളം അത്ഭുതകരമായി ജനങ്ങളെ നിയന്ത്രിച്ചു.
ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട കർമമണ്ഡലം അയിത്തോച്ചാടനമായിരുന്നു. ദളിതരെ അദ്ദേഹം ദൈവത്തിന്റെ മക്കൾ എന്നു വിളിച്ചു. ഗാന്ധിജി വിഭാവനം ചെയ്തതിന്റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവൻ പോലും ബലിയർപ്പിക്കുകയും ചെയ്തത് മതസൗഹാർദത്തിനു വേണ്ടിയായിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരേയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാൻ ആജ്ഞാപിക്കുന്നു. അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതയ്ക്ക് മങ്ങലേൽക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് ജയിൽ അല്ലെങ്കിൽ മരണം.
. ഒരു മതാധിപത്യ രാജ്യത്തിനുവേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്കരിക്കുകയും ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ഗാന്ധിജി അമർ രഹേ എന്നു ദിഗന്തങ്ങൾ പൊട്ടുമാറ് വിളിച്ചു ശീലിച്ച ഇന്ത്യൻ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.