google-play

ഗൂഗിളിന്റെ ഡിജിറ്റൽ ഡിസ്ട്രിബിയൂഷൻ സർവീസായ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകളും ഗെയിമുകളും പ്രതിമാസ വാടക നൽകിയ ശേഷം ഉപയോഗിക്കാനാകുന്ന സംവിധാനം ഏർപ്പെടുത്തി. ഗൂഗിൾ പ്ലേ പാസ് എന്ന പേരിലുള്ള ഈ സംവിധാനം പരീക്ഷണമെന്ന നിലയിൽ ആദ്യം അവതരിപ്പിച്ചിരിക്കുന്നത് അമേരിക്കയിലാണ്. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്താനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. നിലവിലെ രീതിയനുസരിച്ച് പരസ്യത്തോടുകൂടി ആപ്പുകളും ഗെയിമുകളും ഉപയോഗിക്കാനാകുന്ന സംവിധാനവും, പരസ്യമില്ലാതെ പ്രീമിയമായി ഒരു നിശ്ചിത തുക നൽകികൊണ്ട് ഉപയോഗിക്കാനാകുന്ന സംവിധാനവുമാണ് ഗൂഗിൾ പ്ളേ സ്റ്റോറിലുള്ളത്.

ഗൂഗിൾ പ്ലേ പാസ് സംവിധാനം ഉപയോഗിക്കുന്നവർക്കും പ്ളേ സ്റ്റോറിലുള്ള ആപ്പുകളും ഗെയിമുകളും പരസ്യങ്ങൾ ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കും. ഇവ വില കൊടുത്ത് വാങ്ങാതെ വരിസംഖ്യ നൽകി ഉപയോഗിക്കാനുള്ള സംവിധാനമാണ് പ്ളേ പാസ്. പ്ളേ പാസ് ആഡ്-ഫ്രീ ഉൾപ്പെടുത്തിയിരിക്കുന്ന 350 ആപ്പുകളും ഗെയിമുകളും അല്ലാതെയും ലഭ്യമാണ്. അമേരിക്കയിൽ ഈ സംവിധാനത്തിന് പ്രതിമാസം നൽകേണ്ടത് 4.99 ഡോളറാണ്. അമേരിക്കയിൽ ആപ്പിൾ അവതരിപ്പിച്ച ആപ്പിൾ ആർക്കേഡ് സേവനത്തിനുള്ള ഗൂഗിളിന്റെ മറുപടിയാണ് പ്ളേ പാസ്. ആപ്പിൾ ആർക്കേഡ് ഐ.ഒ.എസ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഉപയോഗിക്കാനാകുക. ഇന്ത്യയിൽ പ്ളേ പാസ് എത്താൻ അൽപ്പം വൈകുമെങ്കിലും കുറഞ്ഞ നിരക്കിലാണ് ഈ സേവനം നിലവിൽ വരിക.