പതിനൊന്നായിരം തൊഴിലാളികൾ, വർഷത്തിൽ അവരിൽ ഓരോരുത്തരെയും അഞ്ച് മിനുട്ടെങ്കിലും കാണുന്ന മുതലാളി. പ്ളസ്‌ടു യോഗ്യതയുള്ളവർ അദ്ദേഹത്തിന്റെ കമ്പനികളിൽ മാനേജർമാരാകുന്നു, പ്രായോഗിക പരിചയം അടിസ്ഥാനമാക്കി രണ്ടു ലക്ഷത്തോളം രൂപ ശമ്പളവും വാങ്ങുന്നു. ഇനി മുതലാളിയാരെന്ന് പറയാം; ഗോകുലം എന്ന പേരിനെ തെന്നിന്ത്യയിലെ ബിസിനസ് സാമ്രാജ്യമാക്കി വളർത്തിയ ഗോകുലം ഗോപാലൻ.
മലയാളികളായ നിരവധി വ്യവസായികളെ നമുക്കറിയാം. പലരും ചുറ്റിലുമുള്ള ലോകം തന്നെ കീഴടക്കിയവർ. എന്നാൽ ലോകം കാൽച്ചുവട്ടിലാക്കാൻ തങ്ങളെ സഹായിച്ച തൊഴിലാളികളോട് ഇവർക്ക് എന്ത് പ്രതിബദ്ധതയാണ് ഉള്ളതെന്ന് ചോദിച്ചു കഴിഞ്ഞാൽ, അതിനുത്തരം തന്റെ ജീവിതത്തിലൂടെ ഗോകുലം ഗോപാലൻ തന്നെ പറഞ്ഞു തരും. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് ജീവിതത്തെ കുറിച്ച് അദ്ദേഹം മനസു തുറന്നത്.
ഗോകുലം ഗോപാലന്റെ വാക്കുകൾ-
'എന്റെ പതിനൊന്നായിരം സ്‌റ്റാഫിൽ എല്ലാ കൊല്ലവും അതിൽ എല്ലാവരെയും അഞ്ചു നിമിഷമെങ്കിലും ഞാൻ കാണും. ചിട്ടി ഫണ്ടിൽ പ്രത്യേകിച്ചും. കാരണം ഇത് വിശ്വാസത്തിന്റെ പേരിൽ നടത്തുന്നതാണ്. അത് ഗ്രഹിക്കാനുള്ള കഴിവുള്ള ആളുകൾ വേണം. അവരെ സെലക്‌ട് ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം. പ്ളസു പഠിച്ചവൻ ഇന്ന് രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നുണ്ട്. അത് അവന്റെ എക്‌സ്‌പീരിയൻസ് ആണ്. അവൻ നല്ല വിശ്വസ്‌തനായിരിക്കും. പ്രവർത്തനങ്ങൾ വളരെ സത്യസന്ധമായിരിക്കും. അങ്ങനെയുള്ള രണ്ട് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന മാനേജർമാർ ഉണ്ട്. കമാൻഡർക്ക് കമാൻഡ് ചെയ്യാനേ പറ്റൂ, യുദ്ധം ചെയ്യണമെങ്കിൽ ഇവർ തന്നെ വേണം. ആ ബോധം ലീഡർക്ക് വേണം'.
അഭിമുഖത്തിന്റെ പൂർണരൂപം-