വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വി.കെ.പ്രശാന്തിന് വേണ്ടി പ്രവർത്തിക്കുവാൻ വയനാട് നിന്നും സംഘമെത്തുന്നു. വയനാട് പുത്തുമലയിൽ ഉരുൾപൊട്ടലിലും, കനത്ത മഴയിലും കഷ്ടപ്പെട്ടവർക്ക് തെക്ക് നിന്നും ലോഡുകണക്കിന് അവശ്യവസ്തുക്കൾ കയറ്റി അയക്കുന്നതിന് നേതൃത്വം നൽകിയ മേയർ വി.കെ.പ്രശാന്തിന് വേണ്ടി പ്രവർത്തിക്കാനെത്തുമെന്ന് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി വിറങ്ങലിച്ചു നിന്ന മലയോരത്തിന് ആ മണിക്കൂറുകളിൽ കേട്ട അനേകം നല്ല വാർത്തകളിൽ ഒന്ന് തിരുവനന്തപുരത്ത് നിന്നായിരുന്നു എന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ് കുറിക്കുന്നു. മേയർ ബ്രോ വി. കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ലോഡുകണക്കിനു അവശ്യവസ്തുക്കൾ ദുരന്തഭൂമികളിലേക്ക് പ്രവഹിച്ചത്. ഒരേ ആശയത്തിൽ വിശ്വസിക്കുന്ന ആ മനുഷ്യൻ നിയമസഭയിലെത്തണം എന്ന ആഗ്രഹമാണുള്ളതെന്നും അതിനാൽ തെരെഞ്ഞെടുപ്പ് വട്ടിയൂർക്കാവിൽ പോകാനാണു തീരുമാനമെന്നും സഹദ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രിയ്യപ്പെട്ട പ്രശാന്ത് നിങ്ങൾക്കുവേണ്ടി ഞങ്ങളുമെത്തും.
നിങ്ങൾ മറന്നിട്ടുണ്ടാകുമോ,ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ആ ദിവസങ്ങളിലെ വേദനകൾ മറക്കാൻ പുത്തുമലയിലെ ജനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുകയാണു.
പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികൾ നടന്നുവരുന്നു.വിപുലമായ പദ്ധതിയാണു സർക്കാർ ആലോചിക്കുന്നത്.എല്ലാവരുടെയും സഹായങ്ങൾ ഉപയോഗപ്പെടുത്തി നല്ല നാളെകളിലേക്ക് പുത്തുമലക്കാർക്ക് നടന്ന് പോവണം.
കേരളം പുതിയ രാഷ്ട്രീയ ശരികളെ എതിരേൽക്കുകയാണ്.
ദുരന്തങ്ങളിലാണു നമ്മൾ നല്ല മനസ്സുകളെയും മനുഷ്യരേയും തിരിച്ചറിയുക.നമ്മളോർക്കുന്നില്ലേ ആ ദിവസങ്ങൾ.എന്താണു സംഭവിക്കുന്നതെന്ന് അറിയാതെ നമ്മൾ ചിതറിപ്പോവുകയായിരുന്നു.ആശ്വാസത്തിന്റെ സ്‌നേഹത്തിന്റെ കരങ്ങൾ പ്രവഹിക്കുന്നതിന്റെ തൊട്ടുമുൻപ് നമ്മൾ നേരിട്ട ആ നിമിഷങ്ങൾ,ഇരുട്ട് മൂടിയ ആകാശത്തിനു കീഴിൽ ഇനി എന്ത് എന്ന ചോദ്യം നിശബ്ദമായി പരസ്പരം കൈമാറിയത്.ആ ഞെട്ടലിൽ നിന്ന് നിങ്ങൾ തനിച്ചല്ല എന്ന് തെളിച്ചു നമ്മൾ ഒന്നിച്ച് സഞ്ചരിച്ചു.
എത്ര പേർ,എത്ര സഹായങ്ങൾ (സമൂഹത്തിന്റെ നാന തുറയിലുള്ളവരുടെ സഹായം ലഭിച്ചു.)ആദ്യഘട്ടത്തിൽ സഹായങ്ങളെത്തുന്നതിൽ ചെറിയ കുറവുണ്ടായിരുന്നു.
ആ മണിക്കൂറുകളിൽ നമ്മൾ കേട്ട അനേകം നല്ല വാർത്തകളിൽ ഒന്ന് തിരുവനന്തപുരത്ത് നിന്നായിരുന്നു.
മേയർ ബ്രോ,വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ ലോഡുകണക്കിനു അവശ്യവസ്തുക്കൾ ദുരന്തഭൂമികളിലേക്ക് പ്രവഹിക്കുന്നു.പിന്നീട് കേരളം മുഴുവൻ അതേറ്റെടുക്കുന്നു.
ഒന്നല്ല,എത്ര ലോഡ് സ്‌നേഹമാണു നാം അനുഭവിച്ചത്.
ആരാണു ജനപ്രതിനിധി എന്ന ചോദ്യത്തിനു പ്രാഥമികമായ് ഒരുത്തരമേ എനിക്ക് അറിയൂ.നിരവധി മനുഷ്യർ കാണിച്ചുതന്ന മാതൃകയാണത്.വ്യക്തിപരമായി പറയാവുന്ന കാണിച്ചുതരാൻ കഴിയുന്ന ഒട്ടേറെ മനുഷ്യരെ ഇക്കാലത്തിനിടെ ഞാൻ/നമ്മൾ കണ്ടിട്ടുണ്ടല്ലോ.ദുരിതഭൂമികളിൽ ഇപ്പോഴും നാം കാണാറുണ്ടല്ലോ അവരെ.ഒപ്പം നിൽക്കലുകളാണു ഒരു ജനപ്രതിനിധിയിൽ നിന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്.അതാണു ആ ഉത്തരവും.
നമ്മൾ ഒരു തെരെഞ്ഞെടുപ്പ് കാലത്താണു,ആരെയാണു തെരെഞ്ഞെടുക്കേണ്ടത് എന്ന
ചോദ്യം ഈ ഘട്ടത്തിൽ എല്ലാവർക്കുമുണ്ടാകും.അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുകയാണു.ജനം ആഗ്രഹിക്കുന്ന മാറ്റങ്ങൾ കേരളത്തിൽ സംഭവിക്കുകയാണു.പാല ഒരു സൂചനയോ ആരംഭമോ ആണ്.
നല്ലത് നടക്കട്ടെ.
വി കെ പ്രശാന്തിനോട് വ്യക്തിപരമായ കടപ്പാടുണ്ട് എനിക്ക്.
ആ ദിവസങ്ങളിലെ ഒപ്പം നിൽക്കലിനാണത്.ഒരേ ആശയത്തിൽ വിശ്വസിക്കുന്നു എന്ന അടുപ്പം കൂടിയുണ്ട്.
അതിനെല്ലാം പുറമേ ആ മനുഷ്യൻ നിയമസഭയിലെത്തണം എന്ന ആഗ്രഹം ഇപ്പോഴുണ്ട്.പാരസ്പര്യത്തിന്റെ മഹാമാതൃക കേരളത്തിനു കാണിച്ചുകൊടുത്ത പ്രാശാന്ത് നിയമസഭയിൽ കേരളത്തിനു അഭിമാനമായിരിക്കും എന്നുറപ്പുണ്ട് എനിക്ക്.
ഈ ദിവസങ്ങളിലൊന്നിൽ
പ്രശാന്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തങ്ങളിൽ
പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട്.നേരിൽ കണ്ട് നന്ദി പറയാനുള്ള കുറേ മനുഷ്യരിൽ ഒരാളാണു അദ്ദേഹം.
പ്രചാരണത്തിൽ പങ്കെടുക്കാൻ അടുത്ത ദിവസങ്ങളിലൊന്നിൻ വട്ടിയൂർക്കാവിൽ പോകാനാണു തീരുമാനം.
വി കെ പ്രശാന്ത് വിജയിക്കട്ടെ.
ഒപ്പം നിൽക്കുന്നവർക്കാകട്ടെ വോട്ട്.
സഹദ്.
പ്രസിഡന്റ്,മേപ്പാടി ഗ്രാമപഞ്ചായത്ത്
വയനാട്