ബംഗളുരു: ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിച്ചയാളെ പരസ്യമായി ചെരിപ്പ് കൊണ്ടടിച്ച് യുവതി. ബംഗളുരുവിലെ രാമമൂർത്തി നഗറിലുള്ള യെല്ലമ്മ ക്ഷേത്രത്തിന്റെ സമീപത്ത് വച്ചാണ് സംഭവം നടന്നത്. പീഡിപ്പിച്ച ശേഷവും തന്നെ പിറകെ നടന്ന് ഉപദ്രവിക്കുന്ന യുവാവിനെ കൊണ്ടുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി പൊതുനിരത്തിൽ വച്ച് പൊതിരെ തല്ലിയത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 31 വയസുകാരനായ സുനിൽ എന്നയാളാണ് യുവതിയെ പിറകെ നടന്ന് ശല്യം ചെയ്തത്. ഇവർ തമ്മിൽ ആദ്യം പരിചയപ്പെടുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.
ഒരിക്കൽ തമ്മിൽ കണ്ടപ്പോൾ ഇയാൾ യുവതിയുടെ ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി ഇവരെ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ മൊബൈലിൽ പകർത്തിയിരുന്നു. മേയ് 18നാണ് സംഭവം നടന്നത്. ശേഷം. തന്റെ ആവശ്യങ്ങൾ നിറവേറ്റി കൊടുത്തില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യമാക്കുമെന്നും സോഷ്യൽ മീഡിയയിൽ ഇടുമെന്നും ഇയാൾ നിരന്തരം യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തന്നെ ശല്യം ചെയ്യരുതെന്ന് പലതവണ യുവതി താക്കീത് ചെയ്തിരുന്നുവെങ്കിലും സുനിൽ ഇത് ചെവിക്കൊള്ളാൻ തയാറായില്ല.
യുവതിയുടെ ഓഫീസിലും വീട്ടിലും ചെന്ന് ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഒടുവിൽ യുവതിയുടെ വീട്ടിലേക്ക് ചെന്ന് ദൃശ്യങ്ങൾ വീട്ടുകാരെ കാണിക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സകല നിയന്ത്രണവും വിട്ട യുവതി ഇയാളെ കോളറിൽ പിടിച്ച് റോഡിലേക്ക് വലിച്ചിഴച്ച ശേഷം തന്റെ സ്ലിപ്പർ കൊണ്ട് നിർത്താതെ തല്ലിയത്. 'എല്ലാം നിസാരമാണെന്ന് കരുതിയോ? സ്ത്രീകളെ ഉപദ്രവിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ കടന്ന് കളയാം എന്ന് വിചാരിച്ചോ?' എന്ന് ചോദിച്ച് കൊണ്ടാണ് യുവതി ഇയാളെ കൈകാര്യം ചെയ്തത്. കണ്ടുനിന്ന നാട്ടുകാരാണ് ഒടുവിൽ യുവതിയെ ഇതിൽനിന്നും പിന്തിരിപ്പിച്ചത്. ഇതിനുശേഷം യുവതി ഇയാൾക്കെതിരെ രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.