കോഴിക്കോട്: സവാളയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും വില കുതിപ്പിന്റെ വഴിയേ . ഇന്നലെയും കോഴിക്കോട് മൊത്തവ്യാപാര വിപണിയിൽ രണ്ടു രൂപയുടെ വർദ്ധനവുണ്ടായി. ഇതോടെ മൊത്തവില 44 രൂപയായി ഉയർന്നു.
50 രൂപ മുതൽ 52 വരെയാണ് ചില്ലറവില.
മഹാരാഷ്ട്രയും മദ്ധ്യപ്രദേശും കഴിഞ്ഞാൽ കർണാടകയാണ് സവാള ഉത്പാദനത്തിൽ രാജ്യത്ത് മൂന്നാംസ്ഥാനത്ത്. . കാലാവസ്ഥാവ്യതിയാനം മൂലം അവിടെ ഈ വർഷം ഉത്പാദനം കുറഞ്ഞിരുന്നു. കനത്ത മഴ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളവെടുപ്പിനെയും സാരമായി ബാധിച്ചു. മഴ പെയ്യുമ്പോൾ വിളവെടുത്താൽ പെട്ടെന്ന് കേടായിപ്പോവും.
സവാളയ്ക്ക് ഏറെ ഡിമാൻഡുള്ള ഉത്തരേന്ത്യയിൽ വില നേരത്തെ തന്നെ 80 രൂപയിലേക്ക് കുതിച്ചതാണ്. വിലക്കയറ്റം പിടിച്ചുനിറുത്താൻ ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം മുതൽ കിലോഗ്രാമിന് 23.90 രൂപ നിരക്കിൽ റേഷൻ കടകളിലൂടെ സവാള വിതരണം ആരംഭിച്ചിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങൾ തോറും ഓരോന്ന് എന്ന കണക്കിൽ 70 മൊബൈൽ വിതരണകേന്ദ്രങ്ങളും തുടങ്ങി. ഒരു കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം വീതമാണ് വിതരണം.
വില നിയന്ത്രിക്കാനായി കയറ്റുമതി നിരോധനത്തിന് പുറമെ വ്യാപാരികൾക്ക് സവാള സ്റ്റോക്ക് ചെയ്യുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട് കേന്ദ്ര സർക്കാർ. ചില്ലറവ്യാപാരികൾക്ക് പരമാവധി 100 ക്വിന്റലും മൊത്തവ്യാപാരികൾക്ക് 500 ക്വിന്റലുമാണ് പരിധി.
'മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും വിളവെടുപ്പ് തുടങ്ങിയാൽ വില കുറയും. വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലെ മൊത്തവ്യാപാരികൾ അമിതലാഭമൊന്നും എടുക്കുന്നില്ല. സവാള ഏറെ ദിവസം സ്റ്റോക്ക് ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ പൂഴ്ത്തിവെപ്പിന് സാദ്ധ്യതയുമില്ല".
- പി.പി.റഷീദ്, സവാള മൊത്തവ്യാപാരി