ബാലുശ്ശേരി: എഴുപത്തിയേഴാം വയസ്സിലും സ്വകാര്യ ബസിൽ കണ്ടക്ടർ ജോലി ചെയ്യുന്ന കുഞ്ഞിരാമേട്ടനോട്, ഇനി വിശ്രമിച്ചുകൂടേയെന്ന് ചോദിച്ചാൽ പറയും: മക്കളേ, സർക്കാർ ജോലി രണ്ടെണ്ണം വേണ്ടെന്നുവച്ചാണ് 56 കൊല്ലം മുമ്പ് ടിക്കറ്റ് റാക്കെടുത്തത്. അന്ന് കണ്ടക്ടർ ജോലിക്കായിരുന്നു കോള്. മണ്ടത്തരമായെന്ന് ചിലപ്പോഴൊക്കെ തോന്നും. എന്നാലും ആവുന്നിടത്തോളം പോകണം. സ്വന്തം കാലിൽ നിൽക്കണം...
പഴയ പത്താം ക്ളാസുകാരനാണ് ഇയ്യാട് വീര്യമ്പ്രം പാറച്ചാലിൽ ടി.എ.കുഞ്ഞിരാമൻ. സ്വകാര്യ ബസിൽ കണ്ടക്ടറായി പോയിത്തുടങ്ങിയതിനു പിന്നാലെ പൊലീസിലും ഫുഡ് കോർപറേഷനിലും നിയമന ഉത്തരവു കിട്ടിയതാണ്. പോയില്ല. അന്ന് എഫ്.സി.ഐയിൽ മാസശമ്പളം 90 രൂപയേ ഉള്ളൂ. മാസം 15 ദിവസം ബസിൽ പോയാൽ കണ്ടക്ടർക്ക് 127 രൂപ കിട്ടും. ദിവസം എട്ടര രൂപ! ലഗേജുണ്ടെങ്കിൽ വേറെയും പൈസ. ഹോട്ടലുകളിൽ ശാപ്പാട് ഫ്രീ. മറ്റു ബസുകളിൽ സൗജന്യയാത്ര. സിനിമാ തിയേറ്ററുകളിൽ ഫ്രീ ടിക്കറ്റ്. ഇങ്ങനെയുള്ള കാലത്ത് കണ്ടക്ടർ ജോലി തന്നെ കേമമെന്ന് കുഞ്ഞിരാമേട്ടനു തോന്നിയതിൽ കുറ്റം പറയാനാവുമോ. 'ഇരുപത്തിയൊന്നാം വയസിലാണ് ഞാൻ കണ്ടക്ടറായത്. അന്ന് പൊലീസിൽ ചേർന്ന കാക്കൂരിലെ ഗംഗാധരൻ സർക്കിൾ ഇൻസ്പെക്ടറായാണ് റിട്ടയർ ചെയ്തത്. കുട്ടമ്പൂരിലെ വിജയൻ എഫ്.സി.ഐയിൽ നല്ല നിലയിലുമായി. ഇനി പറഞ്ഞിട്ട് കഥയില്ലല്ലോ.'
1963-ൽ എൻ.വി മോട്ടേഴ്സിലാണ് തുടക്കം. ബാലുശ്ശേരി- കോഴിക്കോട്, വടകര- കോഴിക്കോട് റൂട്ടിലായിരുന്നു ബസുകൾ.
എൻ.വിയിൽ നിന്ന് ജനതയിലേക്ക്. പിന്നെ ഫൈസൽ മോട്ടേഴ്സിൽ. ആർ.കെ.കെയിൽ, ജ്യോതി ട്രാവൽസിൽ, ശ്രീകൃഷ്ണയിൽ, എം.പി.ജിയിൽ. അങ്ങനെ മാറിമാറി കുറെക്കാലം. എം.പി.ജി ബസ് 1982ൽ കയ്യൂന്നീമ്മൽ രാമൻ വാങ്ങി പേര് ബിസയെന്നാക്കി. കുഞ്ഞിരാമേട്ടനെയും പുതിയ മുതലാളി വിട്ടില്ല. 37 വർഷമായി ബിസയുടെ ഐശ്വര്യമായി തുടരുന്നു.
എൻ.വിയിൽ ജോലി ചെയ്യുന്ന കാലത്ത് 5 പൈസയായിരുന്നു മിനിമം ചാർജ്. രാവിലെ നാലു മണിക്ക് എണീറ്റ് കുളിയും മറ്റും കഴിഞ്ഞ് 6.40ന് ചെറുകുളത്തെത്തും.അവിടെന്നാണ് തുടക്കം. രാത്രി 10.15 ഹാൾട്ടാവും. റൂട്ടിലെ കടുത്ത മത്സരം കാരണം ഇന്ന് ബസ് മാറി മാറി കയറേണ്ടി വരുന്നതു മറ്റും ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും കുഞ്ഞിരാമേട്ടന് ബസ് വീടു പോലെയാണ്. അല്ല വീടു തന്നെയാണ്.
കുടുംബത്തിൽ ഭാര്യ പ്രേമലതയും മക്കളായ ഷീന, ഷിബു എന്നിവരും കൂട്ടിനുണ്ട്. ഷിബുവിന് ബാറ്ററി ഷോപ്പാണ്. അച്ഛന് ഇനി വിശ്രമിച്ചുകൂടേ എന്ന് ഇടയ്ക്കിടെ മകനും ചോദിക്കാറുണ്ട്. എനിക്ക് ആരോഗ്യത്തിന് പ്രശ്നമൊന്നുമില്ലല്ലോ എന്ന് സമാധാനിപ്പിക്കും. അടുത്ത പ്രഭാതത്തിൽ ചുറുചുറുക്കോടെ വീണ്ടും ബസിൽ...