തിരുവനന്തപുരം: പാലായിലെ തിരിച്ചടി വരുന്ന അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെ ബാധിക്കില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. പാലായിലേത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിജയമായി കണക്കാക്കാൻ കഴിയില്ല. ശബരിമല വിഷയം ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി ഉന്നയിക്കും. ബെന്നി ബെഹനാൻ 'ഫ്ലാഷി'നോട് സംസാരിക്കുന്നു:
തർക്കം പ്രശ്നമായി
കേരള കോൺഗ്രസിനകത്തെ തർക്കങ്ങളും മുറുമുറുപ്പുകളുമാണ് പാലായിലെ എൽ.ഡി.എഫ് വിജയത്തിന് കാരണമായത്. പല പ്രശ്നങ്ങളും മുന്നണി നേതൃത്വം ഇടപെട്ട് പരിഹരിച്ചെങ്കിലും പ്രതീക്ഷിച്ചതും അപ്രതീക്ഷിതവും അനുവദനീയമല്ലാത്തതുമായ ചില സംഭവങ്ങളാണ് മത്സരിക്കുന്ന പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചത്. നടന്ന സംഭവങ്ങളിൽ പിന്നീട് പരിഹാരമുണ്ടാക്കിയിട്ട് കാര്യമില്ലല്ലോ. സി.പി.എം അവിടെ രാഷ്ട്രീയ കാമ്പയിനുമൊന്നുമല്ല നടത്തിയത്. പാലായിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണ കിട്ടിയ വോട്ട് ലഭിച്ചിട്ടില്ല. മാണി.സി.കാപ്പൻ ബി.ജെ.പി.യുമായി ചില പാലങ്ങൾ ഉണ്ടാക്കാൻ നോക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് എവിടെപ്പോയി. ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ട് കച്ചവടം നടത്തിയെന്ന് പറഞ്ഞവർ തന്നെയാണ് ഇപ്പോഴവരുമായി കച്ചവടം നടത്തുന്നത്.
തയാറെടുപ്പുകൾ നേരത്തെ തുടങ്ങി
തിരഞ്ഞെടുപ്പുകളിൽ അതാത് പാർട്ടികളാണ് പ്രാഥമിക തയാറെടുപ്പുകൾ നടത്തുക. കോൺഗ്രസ് എല്ലായിടത്തും വോട്ടർമാരെ ചേർക്കൽ തുടങ്ങിയ തയാറെടുപ്പുകൾ നേരത്തെ തന്നെ നടത്തിയിരുന്നു. പാലായിൽ കോൺഗ്രസല്ലല്ലോ മത്സരിച്ചത്. ഇനിയുള്ള മണ്ഡലങ്ങളിൽ മഞ്ചേശ്വരമൊഴികെ എല്ലായിടത്തും കോൺഗ്രസാണ് മത്സരിക്കുന്നത്. എറണാകുളത്ത് ഞങ്ങളുടെ പ്രവർത്തനം രണ്ടാം റൗണ്ടിലെത്തിക്കഴിഞ്ഞു.
മൂന്നിടത്ത് മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ
കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ മത്സരം. സി.പി.എം ഇവിടങ്ങളിൽ മൂന്നാം സ്ഥാനത്താകും. എറണാകുളത്തെ വിജയത്തെക്കുറിച്ച് സംശയമേയില്ല. അരൂർ സീറ്ര് പിടിച്ചെടുക്കാൻ കഴിയും. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ലീഗിൽ പ്രശ്നങ്ങളൊന്നുമില്ല. പ്രചാരണത്തിന് ലീഗ് നേതൃത്വം മുഴുവൻ അങ്ങോട്ടെത്തുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതോടെ അതെല്ലാം പരിഹരിക്കാൻ കഴിയും. (ബോക്സ്) ഇടയുന്നവർക്ക് സ്ഥാനമില്ല സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ല. ആഗ്രഹിച്ച ചിലർക്ക് സീറ്റ് കിട്ടിക്കാണില്ല. വട്ടിയൂർക്കാവിൽ തഴഞ്ഞതിനെ കുറിച്ച് പീതാംബരക്കുറുപ്പിന്റെ പ്രതികരണത്തെക്കുറിച്ച് ബെന്നിയോട് ചോദിച്ചപ്പോൾ ഇടഞ്ഞു നിൽക്കുന്നവർക്ക് സ്ഥാനമില്ലെന്നായിരുന്നു മറുപടി. കോന്നിയിൽ അടൂർ പ്രകാശിന്റെ നിരാശയെക്കുറിച്ചുളള ചോദ്യത്തിന് ചിലരെ സ്ഥാനാർത്ഥിയാക്കി കിട്ടിയില്ലെങ്കിൽ ചിലർക്ക് നിരാശ സ്വാഭാവികമാണ് എന്നായിരുന്നു മറുപടി. അടൂർപ്രകാശ് എം.പിയാണ്. അദ്ദേഹത്തിന് ഇടഞ്ഞ് നിൽക്കാൻ പറ്രില്ലെന്നും ബെന്നി ബഹനാൻ പറഞ്ഞു.