രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം നാളെ ആഘോഷിക്കുകയാണ്. ലോകമെങ്ങും ഇക്കൊല്ലം ഗാന്ധിജയന്തി ആഘോഷിക്കുമ്പോൾ കണ്ണഞ്ചിക്കുന്ന ഒരു കാഴ്ച കാണാൻ നമുക്ക് അവസരം ലഭിക്കും. ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒക്ടോബർ രണ്ടിന് ബി.ജെ.പി. പ്രവർത്തകർ 'സങ്കല്പയാത്ര' നടത്തുന്നു. ഖാദിവസ്ത്രങ്ങൾ ധരിച്ച് നഗര-ഗ്രാമവ്യത്യാസമില്ലാതെ ഒരാഴ്ചക്കാലം സങ്കല്പയാത്ര നടത്താനാണ് ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി.നദ്ദ പാർട്ടിപ്രവർത്തകർക്ക് അയച്ച കത്തിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മതേതരത്വത്തിന്റെ മഹാശില്പിയാണ് മഹാത്മാഗാന്ധി. ഗാന്ധിജിയെ 1948 ജനുവരി 30 ന് ആർ.എസ്.എസുകാരനായ നാഥുറാം വിനായക് ഗോഡ്സെ വെടിവച്ചു കൊന്നത് ഗാന്ധിജി ഹിന്ദുരാഷ്ട്ര നിർമ്മിതിയെ എതിർക്കുന്നതിന്റെ പേരിലായിരുന്നു. ഗോഡ്സെയെ ദൈവതുല്യനായി ആരാധിക്കുന്നവരും, ഗോഡ്സെയുടെ സ്വപ്നമായ ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കളുമായ ബി.ജെ.പി യും അവരുടെ ആത്മമിത്രങ്ങളായ സംഘപരിവാറുകളും നമ്മുടെ രാജ്യത്ത് ഇതുവരെ ഗാന്ധിജയന്തി ആഘോഷിക്കുന്നത് കാണാൻ നമ്മുടെ കണ്ണുകൾക്ക് ഭാഗ്യമുണ്ടായിട്ടില്ല. ബി.ജെ.പി.യിൽ വർഗീയവിഷം ചീറ്റുന്ന നേതാവായ സാക്ഷാൽ സാക്ഷി മഹാരാജ് എം.പി.യാണ് ഗോഡ്സെയുടെ മറ്റൊരു ആരാധകൻ.
ഗാന്ധിജിയുടെ ആദർശങ്ങളാണ് രാജ്യത്ത് ഭീകരവാദം വളർത്താനിടയാക്കിയതെന്ന വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയയുടെ കെണ്ടത്തലും ഇതോടൊന്നിച്ച് കൂട്ടിവായിക്കേണ്ടതാണ്. വാക്കുകൾകൊണ്ട് സംഘപരിവാർ - ബി.ജെ.പി. നേതാക്കൾ ഗാന്ധിജിയെ വധിക്കുമ്പോൾ മൗനവ്രതം പാലിച്ച ബി.ജെ.പി ക്ക് ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കാൻ അർഹതയുണ്ടോ? ഗാന്ധിജയന്തി ആഘോഷിക്കാൻ അവകാശമുണ്ടോ? ഗാന്ധിജിയെ കൗശലക്കാരനായ ബനിയയെന്ന് ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചത് ഗുജറാത്തുകാരനായ അമിത്ഷായായിരുന്നു എന്നത് മറക്കരുത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് രാജ്യപിതാവായി വിശേഷിപ്പിച്ച നരേന്ദ്രമോദി നിങ്ങൾക്കുള്ളപ്പോൾ രാഷ്ട്രപിതാവായ ഗാന്ധിജി നിങ്ങൾക്ക് ഒരധികപ്പറ്റാവില്ലേ? നിങ്ങൾ വാഴ്ത്തുന്ന ഗോഡ്സെയെ എടുത്തുകൊള്ളൂ. ഗാന്ധിജിയെ ഞങ്ങൾക്ക് വിട്ടുതരൂ.
(കെ.പി.സി.സി മുൻ പ്രസിഡന്റാണ് ലേഖകൻ)