കൊച്ചി: സമ്പദ്വളർച്ചയ്ക്ക് ഉണർവേകാൻ റിസർവ് ബാങ്ക് തുടർച്ചയായ അഞ്ചാംവട്ടവും റിപ്പോനിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷ. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗം ഇന്നാരംഭിക്കും. മൂന്ന്, നാല് തീയതികളിലെ യോഗശേഷം നാലിന് രാവിലെ 11.45ന് റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിക്കും.
റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ പാത്ര, ഡെപ്യൂട്ടി ഗവർണർ ബിഭു പ്രസാദ് കാനുംഗോ, സ്വതന്ത്ര അംഗങ്ങളായ ഡോ. രവീന്ദ്ര ധൊലാക്കിയ, ഡോ. പാമിദുവ, ഛേതൻ ഖാട്ടെ എന്നിവരാണ് മറ്റ് എം.പി.സി അംഗങ്ങൾ.
റിസർവ് ബാങ്ക് ആഗസ്റ്രിലെ ധനനയത്തിൽ റിപ്പോനിരക്ക് 0.35 ശതമാനം കുറച്ച് 5.40 ശതമാനമാക്കിയിരുന്നു. തുടർച്ചയായ നാലു തവണയായി മൊത്തം 1.10 ശതമാനം ഇളവാണ് റിപ്പോ നിരക്കിലുണ്ടായത്. നടപ്പുവർഷം (2019-20) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച ആറരവർഷത്തെ താഴ്ചയായ അഞ്ചുശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. വ്യാവസായിക ഉത്പാദന വളർച്ച ജൂലായിൽ 6.5 ശതമാനത്തിൽ നിന്ന് 4.3 ശതമാനായി കുറഞ്ഞു. വാഹന വിപണി ചരിത്രത്തിലെ ഏറ്റവും മോശം വില്പനയാണ് കഴിഞ്ഞമാസങ്ങളിൽ കാഴ്ചവച്ചത്.
വിപണിയിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞതാണ്, സമ്പദ്വ്യവസ്ഥയെ ഈ സ്ഥിതിയിലേക്ക് നയിച്ചത്. കോർപ്പറേറ്റ് നികുതിയിൽ ഇളവനുവദിച്ചും പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായം നൽകിയും ഉപഭോക്തൃ, വ്യവസായ-വാണിജ്യ മേഖലയെ ഉണർവിലേക്ക് നയിക്കാൻ ധനമന്ത്രാലയം നടപടികളെടുത്തിട്ടുണ്ട്. റിപ്പോനിരക്ക് വീണ്ടും കുറച്ച് കേന്ദ്രത്തിന് ഉറച്ച പിന്തുണ നൽകാൻ റിസർവ് ബാങ്ക് ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
റിപ്പോനിരക്ക് പരിഷ്കരിക്കാൻ മുഖ്യ മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ 'നിയന്ത്രണ രേഖ"യായ നാലു ശതമാനത്തിന് താഴെയാണ് ഉള്ളതെന്നതും പലിശ കുറയാൻ അനുകൂല ഘടകമാണ്. ആഗസ്റ്റിൽ 3.21 ശതമാനമാണ് നാണയപ്പെരുപ്പം. ആഗോളതലത്തിൽ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം പലിശയിറക്കത്തിന്റെ പാതയിലാണെന്നതും റിപ്പോനിരക്ക് വീണ്ടും കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും.
നിരക്കുകൾ
കീഴ്വഴക്കം
റിപ്പോനിരക്ക് കൂട്ടിയാലും കുറച്ചാലും ഏറെ വർഷങ്ങളായി അത് 0.25 ശതമാനം വീതമെന്നതായിരുന്നു റിസർവ് ബാങ്കിന്റെ കീഴ്വഴക്കം. എന്നാൽ, ആഗസ്റ്റിലെ യോഗത്തിൽ റിപ്പോനിരക്ക് 0.35 ശതമാനമാണ് കുറച്ചത്. ഒക്ടോബർ നാലിന് റിപ്പോനിരക്കിൽ 0.15 ശതമാനം മുതൽ 0.40 ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു.