bribe

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ കഴിഞ്ഞദിവസം വിജിലൻസ് പിടിയിലായതിന് പിന്നാലെ തലസ്ഥാന നഗരസഭയിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന 'ഇടപാടുകളും' അങ്ങാടിപ്പാട്ടായി തുടങ്ങി. കൈക്കൂലി പണം ഉപയോഗിച്ച് ഹെൽത്ത് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ വിദേശ ടൂർപോലും നടത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ ജീവനക്കാർക്കിടയിലെ പാട്ട്. അടുത്തിടെ സ്ഥലംമാറിപ്പോയ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർക്ക് യാത്രയയപ്പ് നൽകിയത് പണം വാരിയെറിഞ്ഞ് നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലാണ്. ആട്ടവും പാട്ടുമായി ലക്ഷത്തിലധികം രൂപ പൊടിപൊടിച്ച് ഒരു പ്രധാന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.

യാത്രയയപ്പിന് ലക്ഷങ്ങൾ ധൂർത്തടിക്കാനുള്ള പണം എവിടെ നിന്ന് എന്ന ചോദ്യത്തിന് ഉത്തരംതേടുകയാണ് ജീവനക്കാർ. ചില ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഏറെ പണച്ചെലവുള്ള ചില ടൂറിസം കേന്ദ്രങ്ങളിലേക്ക് ടൂർ പോകാറുമുണ്ടത്രേ. വിദേശത്തേക്കും യാത്ര നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഹെൽത്ത്, എൻജിനീയറിംഗ്, റവന്യു വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതും ജീവനക്കാർക്കിടയിൽ പരസ്യമായ രഹസ്യമാണ്. ഒരു ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിന് അപേക്ഷയുമായെത്തിയ പ്രവാസിയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജൂനിയർ വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായത്. ഇതുപോലെ മറ്റുചില ഉദ്യോഗസ്ഥരും ആവശ്യക്കാരിൽ നിന്ന് 'വിലപേശി' കൈക്കൂലി വാങ്ങാറുണ്ടെന്നാണ് വിവരം.

നഗരത്തിൽ 21 ഹെൽത്ത് സർക്കിൾ ഓഫീസുകളാണ് ഉള്ളത്. ഇതിൽ പാളയം, ചാല, ഫോർട്ട്, വിഴിഞ്ഞം, ശ്രീകണ്‌ഠേശ്വരം, കഴക്കൂട്ടം, നന്തൻകോട് തുടങ്ങിയ പ്രധാന സർക്കിളുകളിലേക്ക് സ്ഥലംമാറിയെത്താൻ ചില ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യമാണ്. ഇതിനായി ലക്ഷങ്ങൾ മുടക്കാനും ഇവർ തയാറാണത്രേ. നഗരത്തിലെ ചില ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളും ചില ഉദ്യോഗസ്ഥരുടെ ചാകരയാണ്. അടുത്തിടെ നഗരത്തിലെ ഒരു കല്യാണ മണ്ഡപത്തിന് ലൈസൻസ് നൽകാനായി രണ്ടുലക്ഷം രൂപയാണ് ഒരു ഹെൽത്ത് സർക്കിളിലെ ഒരു ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കല്യാണ മണ്ഡപ ഉടമ ഇത് പാട്ടാക്കിയതോടെ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ചിലർ ഇടപെട്ട് ഉദ്യോഗസ്ഥരെയും മണ്ഡപത്തിന്റെ ഉടമകളെയും വിളിച്ചുവരുത്തി പ്രശ്നം തീർപ്പാക്കി. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥൻ ഇപ്പോഴും അതേ സർക്കിളിൽതന്നെ തുടരുന്നു എന്നതാണ് വിചിത്രമായ സംഗതി.