അഴകിനും ആരോഗ്യത്തിനും ആനന്ദത്തിനും സൗന്ദര്യ പരിചരണത്തിൽ ഒറ്റ ഉത്തരമേയുള്ളൂ, ഒരു സ്പാ ചെയ്തു കഴിയുമ്പോഴേക്കും ശരീരത്തിനും മനസിനും പുത്തൻ ഉണർവ് കൈവരും. സ്പാ ട്രീറ്റ്മെന്റിൽ ബോഡി മസാജിംഗും റീ ചാർജിംഗ് തെറാപ്പികളുമാണ് പ്രധാനമായും ഉൾപ്പെടുന്നത്. ശരീരത്തിലെ മൃതകോശങ്ങളെ മാറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ പ്രത്യേക തരം ബാത്തുകൾ, ശരീരത്തിന് അയവും നവോന്മേഷവും നൽകാൻ വിവിധ ബോഡി മസാജുകൾ, മുടിക്കും മുഖത്തിനും പ്രത്യേക ട്രീറ്റ്മെന്റുകൾ തുടങ്ങി വിവിധതരം സ്പാകൾ ഇന്ന് ലഭ്യമാണ്.സ്പാ എന്നത് പുതിയ പദമല്ല സൗന്ദര്യസംരക്ഷണത്തിൽ. ടെൻഷൻ മൂലം ശരീരത്തിനും മനസിനുമുണ്ടാകുന്ന ക്ഷീണവും തളർച്ചയും മാറ്റുന്ന, യൗവനം നിലനിർത്താനുമുള്ള ചികിത്സാരീതിയായിരുന്നു പണ്ടുകാലങ്ങളിൽ സ്പാ തെറാപ്പി. എന്നാൽ ഇന്നത് ആരോഗ്യപരിചരണങ്ങളും പോഷകാഹാര, വ്യായാമ നിർദ്ദേശങ്ങളും കൂടി ഉൾപ്പെട്ട ഒരു പാക്കേജാണ്.
ദിവസവും ചെയ്യാം സ്പാ
വിവിധ തരം സ്പാകൾ ഇന്ന് ലഭ്യമാണ്. വൻകിട ഹോട്ടലുകളും ബ്യൂട്ടി സലൂണുകളും വിവിധ സ്പാകളുമായി രംഗത്തുണ്ട്. ക്ലബ് സ്പാ, റിസോർട്ട് സ്പാ, മിനറൽ സ്പാ, ഡേ സ്പാ എന്നിങ്ങനെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ സ്പായെ വിവിധ വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ച് ഡേ സ്പാകളാണ് കൂടുതൽ പ്രയോജനപ്രദം. ഒറ്റ ദിവസത്തേക്കു മാത്രമായ സ്പാ ട്രീറ്റ്മെന്റാണിത്. മുടി മുതൽ പാദം വരെ വേണ്ട മസാജുകളും റീ ചാർജിംഗ് തെറാപ്പികളും ഡേ സ്പാകളിൽ ലഭിക്കും.
വീട്ടിൽ ചെയ്യാം സ്പാ
തിരക്കുകൾക്കിടയിൽ നിന്ന് ഒന്ന് റിഫ്രഷ് ആകണമെങ്കിൽ ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ തന്നെ സ്പാ ചെയ്യാം. ഇതിന് ആകെ വേണ്ടത് സ്ഥലസൗകര്യമുള്ള ഒരു കുളിമുറിയും മസാജിംഗ് ക്രീമും ബോഡി സ്ക്രബും മോയിസ്ചറൈസറും മാത്രം. സ്പാ ട്രീറ്റ്മെന്റിനായി ഒരു മൂഡ് ഉണ്ടാക്കിയെടുക്കുക എന്നതും പ്രധാനമാണ്. ഇളം വെളിച്ചത്തിൽ സ്പാ ചെയ്യുന്നതാണ് നല്ലത്. ചെറിയ ശബ്ദത്തിൽ പാട്ട് വയ്ക്കുന്നതും റൂമിൽ മെഴുകുതിരികൾ കത്തിച്ചു വയ്ക്കുന്നതും പ്രത്യേക മൂഡ് നൽകും. സ്പായിലെ ആദ്യ പടിയായി ത്വക്കിന് ഉണർവ് നൽകുന്നതിനായി മസാജിംഗ് ക്രീം ശരീരത്തിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യാം. ശരീരത്തിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും നീക്കം ചെയ്യാൻ ഇത് ഫലപ്രദമാണ്. അടുത്തത് ആവി പിടിക്കലാണ്. ത്വക്കിലെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ആവി നൽകുന്നത് നല്ലതാണ്. ഇനി ദേഹത്ത് ബോഡി പാക്ക് ഇടാം. ശേഷം അര മണിക്കൂർ പാട്ട് കേട്ട് വിശ്രമിക്കാം. പിന്നീട് ദേഹം ആദ്യം ചെറുചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി മോയിസ്ചറൈസിംഗ് ക്രീം പുരട്ടാം.
മുഖം തിളങ്ങും
സ്പാ ചെയ്യുമ്പോൾ മുഖത്തിനും പ്രത്യേക സംരക്ഷണം നൽകാം. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 510 മിനിട്ട് ആവി നൽകുക. ശേഷം ടവ്വൽ ഉപയോഗിച്ച് അഞ്ചോ പത്തോ മിനിട്ട് മുഖം നന്നായി തുടച്ച് പഴുത്ത പപ്പായ ഫേസ് പായ്ക്കായി ഇടാം. പത്ത് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
മുടിക്കു വേണം സ്പാ
ശരീരത്തിനുള്ളതു പോലെ തന്നെ മുടിയുടെ ഭംഗിക്കും വളർച്ചയ്ക്കും ഹെയർ സ്പാകളുണ്ട്. എല്ലാ സ്പാകളിലും ഹെയർ സ്പാ സൗകര്യവുമുണ്ട്. മുടി ഷാംപൂ ചെയ്ത് വൃത്തിയാക്കിയ ശേഷം സ്പാ ക്രീം പുരട്ടി നന്നായി മസാജ് ചെയ്യണം. ഇതിനു ശേഷം മുടി കഴുകി വൃത്തിയാക്കി പകുതി ഉണക്കിയ ശേഷം ആവി കൊള്ളിക്കാം. തുടർന്ന് ഷാമ്പൂ ഉപയോഗിച്ച് മുടി നന്നായി കഴുകണം. താരനുള്ളവർക്ക് പ്രത്യേക എണ്ണകൾ ഉപയോഗിച്ചുള്ള ഹോട്ട് ഓയിൽ മസാജിംഗുമുണ്ട്. പാർലറിൽ പോയി ചെയ്യാൻ കഴിയാത്തവർക്ക് ഹെയർ സ്പാ ട്രീറ്റ്മെന്റിനുള്ള സാധനങ്ങൾ വാങ്ങി വീട്ടിലിരുന്ന് തന്നെ ചെയ്യാം.