കൊച്ചി: കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ കുടിവെളള വിതരണത്തിനായി വെട്ടിപ്പൊളിച്ച റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിക്കാത്തത് പൊതുമരാമത്ത് (നിരത്ത്) വിഭാഗത്തിന്റെ വീഴ്ചയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇടക്കൊച്ചി സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ ജ്ഞാനോദയം സഭാമഹാക്ഷേത്രം വരെയുള്ള റോഡ് രണ്ട് മാസത്തിനുള്ളിൽ നന്നാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നും പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനിയറോട് കമ്മിഷൻ നിർദ്ദേശിച്ചു. പണി പൂർത്തിയാക്കിയശേഷം റിപ്പോർട്ടും സമർപ്പിക്കണം.
ജല അതോറിട്ടി റിസ്റ്റോറേഷൻ തുക അടച്ചതിനെ തുടർന്നാണ് റോഡ് മുറിക്കാൻ അനുമതി നൽകിയതെന്ന് പൊതുമരാമത്ത് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇടക്കൊച്ചി പാലം മുതൽ വടക്കോട്ട് 900 മീറ്റർ ടാറിംഗ് കട്ട് ചെയ്ത് പൈപ്പ് സ്ഥാപിക്കാൻ 69.09 ലക്ഷം അടച്ചു. 436 മീറ്റർ നീളത്തിൽ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് റോഡ് പൂർവസ്ഥിതിയിലാക്കാൻ കാലതാമസമുണ്ടായത്.അടിയന്തര പ്രാധാന്യം നൽകി ടാറിംഗ് പ്രവൃത്തികൾ മഴക്കാലം കഴിയുന്നതനുസരിച്ച് പൂർത്തിയാക്കുമെന്നും റിപ്പോർട്ടിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇടക്കൊകൊച്ചി സീനിയർ സിറ്റിസൺ വെൽഫയർ അസോസിയേഷൻ സെക്രട്ടറി വി.എൻ.സുബ്രഹ്മണ്യനാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്. കേസ് നവംബറിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ വീണ്ടും പരിഗണിക്കും.