core-sector-growth

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യ വ്യവസായ വളർച്ച ആഗസ്‌റ്റിൽ 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2018 ആഗസ്‌റ്റിൽ വളർ‌ച്ച 4.7 ശതമാനമായിരുന്നു. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, വളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്.

കൽക്കരി 8.6 ശതമാനം, ക്രൂഡോയിൽ 5.4 ശതമാനം, പ്രകൃതിവാതകം 3.9 ശതമാനം, സിമന്റ് 4.9 ശതമാനം, വൈദ്യുതി 2.9 ശതമാനം എന്നിങ്ങനെ ഉത്‌പാദനക്കുറവ് രേഖപ്പെടുത്തിയതാണ് ആഗസ്‌റ്റിൽ തിരിച്ചടിയായതെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി. വളം 2.9 ശതമാനം, സ്‌റ്റീൽ അഞ്ചു ശതമാനം എന്നിങ്ങനെ ഉത്‌പാദനം മെച്ചപ്പെടുത്തി. റിഫൈനറി ഉത്‌പന്നങ്ങളിൽ കാര്യമായ ഉത്‌പാദന വ്യത്യാസമില്ല. നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ മുഖ്യവ്യവസായ വളർച്ച 2.4 ശതമാനമാണ്. മുൻവർഷത്തെ സമാന കാലയളവിൽ 5.7 ശതമാനമായിരുന്നു വളർച്ച.

കേന്ദ്രത്തിന്റെ ധനക്കമ്മി

₹5.54 ലക്ഷം കോടി കവിഞ്ഞു

കേന്ദ്രസർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി ഏപ്രിൽ-ആഗസ്‌റ്റിൽ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 78.7 ശതമാനം (5.54 ലക്ഷം കോടി രൂപ) കവിഞ്ഞു. നടപ്പുവർഷം 7.03 ലക്ഷം കോടി രൂപയുടെ ധനക്കമ്മിയാണ് ബഡ്‌ജറ്റിൽ വിലയിരുത്തിയത്. ജി.ഡി.പിയുടെ 3.3 ശതമാനമാണിത്. കോർപ്പറേറ്റ് നികുതിയിളവ് ഉൾപ്പെടെ ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ, ഇക്കുറി ധനക്കമ്മി 3.7 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തലുകൾ.