ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി വ്യക്തമാക്കി. എന്നാൽ മൻമോഹൻ സിംഗ് ചടങ്ങിൽ പങ്കെടുക്കാൻ സാദ്ധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
പാകിസ്ഥാനിലെ സാഹിബ് ഗുരുദ്വാരയെ പഞ്ചാബിലെ ഗുർദാസ്‌പുർ ജില്ലയിലുള്ള ഗുരുനാനാക്ക് ദേരയുമായി ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി. ഇന്ത്യൻ തീർത്ഥാടകർക്ക് വിസയില്ലാതെ കർതാർപുർ സാഹിബ് സന്ദർശിക്കാൻ ഇടനാഴി അവസരം ഒരുക്കും. പെർമിറ്റ് എടുത്താൽ മാത്രം മതിയാകും. ഇന്ത്യയിലെ സിക്ക് തീർത്ഥാടകർക്കുവേണ്ടി നവംബർ ഒമ്പതിന് ഇടനാഴി തുറക്കാനാണ് പാകിസ്ഥാൻ നിശ്ചയിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങ് വിപുലമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഖുറേഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൻമോഹൻ സിംഗിന് ഉടൻ ക്ഷണപത്രം അയയ്ക്കും.