attac

യെമൻ: യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ താവളങ്ങൾ പിടിച്ചെടുത്ത ഹൂതി വിമതർ അഞ്ഞൂറിലധികം സൈനികരെ വധിച്ചതായും രണ്ടായിരത്തോളം സൈനികരെ ബന്ദികളാക്കിയെന്നും അവകാശപ്പെട്ടു. ഇത് സ്ഥിരീകരിക്കുന്ന വീഡിയോയും ഹൂതി വിമതർ പുറത്തുവിട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് സഖ്യസേനയുടെ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. സൗദിയുടെ സൈനിക വാഹനവ്യൂഹം പിടിച്ചെടുത്തതായും അവകാശപ്പെട്ടു.

പിടിച്ചെടുത്ത സൈനികരുടെ ഫോട്ടോകളും വീഡിയോകളും കാണിച്ചുകൊണ്ടു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അവകാശവാദം. ഇരുനൂറിലേറെ സൈനികർ കൊല്ലപ്പെട്ടതായി യെമൻ സർക്കാർ പ്രതിനിധികൾ പിന്നീട് സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിവരുന്നതായി സൗദി സർക്കാരും അറിയിച്ചു.

യെമന്റെ അതിർത്തിയായ സൗദിയുടെ തെക്കൻ നജ്‌റാൻ പ്രദേശത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ തീവ്രതയോടെ തുടരുമെന്നും ഹൂതികൾ പറഞ്ഞു.
'സൗദിയുടെ ക്രൂരമായ ആക്രമണം തുടങ്ങിയതിനു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സൈനിക നടപടിയാണ് ഇപ്പോൾ നടക്കുന്നത്. അത് ശത്രുപക്ഷത്തിന് കനത്ത നാശനഷ്ടം ഉണ്ടാക്കി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൂടുതൽ പ്രദേശങ്ങൾ മോചിപ്പിക്കപ്പെടും. നൂറുകണക്കിന് സൗദി സൈനികർ യുദ്ധക്കളത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. ഇനി യുദ്ധത്തിൽനിന്നും എങ്ങനെ പിന്മാറാമെന്ന് ആലോചിക്കുകയല്ലാതെ സൗദിക്ക് മുൻപിൽ മറ്റൊരു മാർഗവുമില്ല '

' ഹൂതി വക്താവ് മുഹമ്മദ് അബ്ദുൾ സലാം പറഞ്ഞു.
യുഎസ് നിർമിത പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തെ മറികടന്നുകൊണ്ടാണ് ഈ മാസം ആദ്യം ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് അരാംകോ എണ്ണ സംസ്‌കരണ കേന്ദ്രം തകർക്കപ്പെട്ടത്. മൂന്ന് സൗദി ബ്രിഗേഡുകൾ തങ്ങൾ പിടിച്ചെടുത്തതായി ഹൂതികൾ ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. തങ്ങളാണ് അരാംകോ ആക്രമണത്തിന് ഉത്തരവാദികൾ എന്ന് അവർ അവകാശപ്പെടുന്നുണ്ടെങ്കിലും പാശ്ചാത്യ, യൂറോപ്യൻ സർക്കാരുകൾ ഇപ്പോഴും അത് അംഗീകരിച്ചിട്ടില്ല.


 ആഭ്യന്തയുദ്ധത്തിന്റെ തുടക്കമിങ്ങനെ

രാജ്യം നേരിടുന്ന കടുത്ത പട്ടിണിയും തൊഴിലില്ലായ്മയും തുടർകഥയായതോടെ 2011ലാണ് അലി അബ്ദുല്ല സാലിഹ് സർക്കാരിനെതിരേ യമനിലെ ജനങ്ങൾ തെരുവിലിറങ്ങിയത്. അബ്ദുല്ല സാലിഹിനെ പുറത്താക്കി. എന്നാൽ 2014ൽ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികൾ സനാ നഗരം കീഴടക്കി. തുടർന്ന് രാജ്യം മുഴവൻ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു. അതോടെയാണ് യമനിൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നത്. യമൻ സർക്കാരിന് പിന്തുണയേകി സൗദി സഖ്യസേന രംഗത്തെത്തി.


 350 തടവുകാരെ വിട്ടയച്ചു

നിബന്ധകളൊന്നുമില്ലാതെ സൗദി അറേബ്യക്കാരുൾപ്പെടെ 350 തടവുകാരെ വിട്ടയച്ചതായി ഹൂതി വിമതർ ഇന്നലെ രാത്രി വെളിപ്പെടുത്തി. ഹൂതി നാഷണൽ കമ്മിറ്റി ഫോർ പ്രിസണേഴ്സ് അഫയേഴ്സിന്റേതാണ് തീരുമാനം. തടവുകാരെ പരസ്പരം കൈമാറാൻ സർക്കാരും ഹൂതി വിമതരും തമ്മിൽ കഴിഞ്ഞ ഡിസംബറിൽ സ്വീഡനിലുണ്ടാക്കിയ കരാറിലാണ് നടപടി.