shelly

അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ ഷെല്ലി ആൻ ഫ്രേസർ വേഗറാണി

ദോഹ: അമ്മയായ ശേഷം ട്രാക്കിലേക്കുള്ള തിരിച്ചുവരവിൽ ലോകചാമ്പ്യനായി ജമൈക്കൻ വേഗറാണി ഷെല്ലി ആൻ ഫ്രേസർ.

ലോകചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ ദിവസം നടന്ന വനിതകളുടെ 100 മീറ്ററിൽ ദോഹയിലെ ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലെ ട്രാക്കിൽ മിന്നൽപ്പിണറായി 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഷെല്ലി ചരിത്രമെഴുതിയത്. ലോക അ‌ത്‌ല‌റ്രിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ ഷെല്ലിയുടെ നാലാം സ്വർണ നേട്ടമാണിത്. ലോക ചാമ്പ്യൻഷിപ്പിൽ നൂറ് മീറ്രറിൽ 4 സ്വർണം നേടുന്ന ആദ്യ താരമെന്ന റെക്കാഡും പോക്കറ്ര് റോക്കറ്റ് എന്ന വിളിപ്പേരുള്ള ഷെല്ലി സ്വന്തമാക്കി.

തന്റെ തന്നെ പേരിലുള്ള ദേശീയ റെക്കാഡ് മറികടക്കുന്ന പ്രകടനത്തോടെ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഗ്രേറ്റ് ബ്രിട്ടന്റെ ദിന ആഷർ സ്മിത്ത് വെള്ളി സ്വന്തമാക്കി.ഐവറികോസ്റ്റിന്റെ മേരി ജോസെ താ ലൂ 10.90 സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടി. കഴിഞ്ഞ തവണ ലണ്ടനിൽ മേരി വെള്ളി നേടിയിരുന്നു. ജമൈക്കയുടെ മറ്രൊരു മെഡൽ പ്രതീക്ഷയായിരുന്ന എലെയ്ൻ തോംസണ് 10.93 സെക്കന്റിൽ നാലാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. നിലവിലെ ഒളിമ്പിക് ചാമ്പ്യനാണ് എലെയ്ൻ കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലെ വെങ്കല നേട്ടക്കാരി ഡച്ച് താരം ഡഫ്നെ ഷിപ്പേർസ് പരിക്ക് മൂലം ഫൈനലിൽ മത്സരിക്കാനിറങ്ങിയില്ല.

തുടക്കം മുതൽ ലീഡ് നേടിയ ഷെല്ലി വ്യക്തമായ ലീഡോടെയാണ് സ്വർണത്തിലേക്ക് ഓടിയെത്തിയത്. 2013 ലെ മോസ്കോ ലോകചാമ്പ്യൻഷിപ്പിലും ഇതേ സമയമാണ് ഷെല്ലി കുറിച്ചത്. ഗർഭിണി ആയിരുന്നതിനാൽ 2017ലെ ലോകചാമ്പ്യൻഷിപ്പിൽ ഷെല്ലി മത്സരിച്ചിരുന്നില്ല. രണ്ട് ഒളിമ്പിക് സ്വർണ നേട്ടങ്ങളും സ്വന്തം പേരിൽ കുറിച്ചിട്ടുള്ള ഷെല്ലിയുെ തിരിച്ചുവരവ് കൂടിയാണ് ഈ വിജയം.അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന ഷെല്ലി സീസണിൽ രണ്ട് ഡയമണ്ട് ലീഗുകളിൽ സ്വർണം നേടിയിരുന്നു. മത്സരശേഷം മകൻ സിയാനെയും എടുത്തു കൊണ്ട് നടത്തിയ വിക്‌ടറി ലാപ്പ് ലോകചാമ്പ്യൻഷിപ്പിലെ മനോഹര നിമിഷങ്ങളായി.സ്വന്തമായി സലൂൺ ഉള്ള ഷെല്ലി ചാമ്പ്യൻഷിപ്പിൽ ഹെയ‌ർ സ്റ്രൈലിലും നിറത്തിലും വരുത്തിയ മാറ്രങ്ങളും ശ്രദ്ധ നേടി.

ഇത് മാത്യത്വത്തിന്റെ വിജയം കൂടിയാണ്. ഈ രാത്രി എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവിടെയെത്താനായി എറെ കഠിനാധ്വാനം ചെയ്തു, പലകാര്യങ്ങളും ത്യജിക്കേണ്ടി വന്നു. പക്ഷേ ഞാനിപ്പോൾ ഏറെ സന്തോഷവതിയാണ്. എന്റെ മോന്റെ മുന്നിൽ ലോകചാമ്പ്യനാകാൻ കഴിഞ്ഞു.

ഷെല്ലി ആൻ ഫ്രേസർ പ്രെയിസ്

10.71 സെക്കൻഡിലാണ് ദോഹയിൽ ഷെല്ലി 100 മീറ്ററിൽ ഫിനിഷ് ചെയ്‌തത്.

10.70 ആണ് ഷെല്ലിയുടെ മികച്ച സമയം.

4 സ്വർണങ്ങൾ ലോകചാമ്പ്യൻഷിപ്പിലെ 100 മീറ്രർ പോരാട്ടങ്ങളിൽ ഷെല്ലി സ്വന്തമാക്കിയിട്ടുണ്ട്.

(2009 ബെർലിൻ), (2013 മോസ്കോ), (2015 ബെയ്ജിംഗ്), (2019 ദോഹ)

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

2 ഒളിമ്പിക്സ് സ്വർണവും നൂറ് മീറ്രറിൽ ഷെല്ലിയുടെ പേരിലുണ്ട്.

(2008 ബെയ്ജിംഗ്), ( 2012 ലണ്ടൻ)

32--ാം വയസിലാണ് ഷെല്ലി ലോകചാമ്പ്യൻഷിപ്പിൽ നാലാം തവണ ഏറ്രവും വേഗമേറിയ താരമാകുന്നത്.